Friday, June 27, 2014

ഓർമയിൽ നീ .......

(നാലുവര്‍ഷത്തിനിപ്പുറം ഇന്നലെ എന്റെ സ്വപ്‌നത്തില്‍ 
നീ വന്നതെന്തിനാണ്... മനസ്സ് കനക്കുന്നു... 
നാലുവര്‍ഷം....അതെ.... നീ പോയിട്ട് നാലുവര്‍ഷം...)

ഓർമയിൽ നീ .......

മനസ്സില്‍ അഗ്‌നിപര്‍വ്വതം പുകയുന്നു..
ഒരു പേമാരിക്കും ശമിപ്പിക്കാനാവാത്തത്...
ഇടയ്ക്കിടെ അതിനുമേല്‍
സാഗരം തീര്‍ക്കുമ്പോഴും
നുരയും പതയുമണിഞ്ഞ് വീണ്ടും
ലാവ തുപ്പുന്നു...
തണുത്തുറയുമ്പോഴും അടിത്തട്ടില്‍
ഒരു വിങ്ങലായ്... കനലായ്..
നീ....

ഏതോ ഒരു വെളിപാടില്‍
ഞാനന്ന് നിന്നെ വിളിച്ചു
പുറത്ത് കത്തുന്ന വെയിലായിരുന്നു..
വര്‍ഷങ്ങള്‍ വേലി പണിതില്ല
കാലം സ്മൃതിഭംഗം തീര്‍ത്തില്ല..
കാണാതെ.. കേള്‍ക്കാതെ.. വര്‍ഷങ്ങള്‍..
സൗഹൃദത്തിന്റെ മായാച്ചരട്
പൊട്ടാതെ തന്നെ....

വര്‍ഷങ്ങളുടെ ചിരിയും കരച്ചിലും
ഉച്ചച്ചൂടിനെ പറത്തിക്കളഞ്ഞു...
ഒടുവില്‍ നീ കളിയായി പറഞ്ഞു..

'ഞാന്‍ നിനക്കുമുമ്പെ മരിക്കും
അപ്പോള്‍ നീയെന്നെ എന്നും ഓര്‍ക്കും'

മാസങ്ങള്‍ക്കിപ്പുറം..
പത്രത്താളില്‍ നിറചിരിയോടെയുള്ള
നിന്റെ നിര്‍ജ്ജീവമായ മുഖത്തേക്ക്
ഒന്നേ ഞാന്‍ നോക്കിയുള്ളു...
പിന്നെ ചുറ്റും മരവിപ്പായിരുന്നു...

നിന്റെ കുഞ്ഞിന്റെ അലറിക്കരയുന്ന മുഖം
നിന്റെ പ്രാണപ്രിയന്റെ നിസ്സഹായാവസ്ഥവയ്യ...
അതെനിക്കോര്‍ക്കണ്ട!!!!!!!!!!

നീ അവിടെത്തന്നെയുണ്ട്...
എന്നെങ്കിലും ഞാന്‍ വിളിക്കുമ്പോള്‍
മറുതലയ്ക്കല്‍ വീണ്ടും ചിരിയുടെ
അലതീര്‍ക്കാന്‍....
സൗഹൃദത്തിന്റെ മായാവലയം തീര്‍ക്കാന്‍..

പക്ഷെ...
ഇപ്പോള്‍ മനസ്സ് വീണ്ടും പുകയുന്നു...
അടക്കിവെച്ച ലാവയെ
പുറത്തേക്ക് തുപ്പാനുള്ള
വ്യഗ്രതയില്‍..
ചൂട്... അസഹ്യമായ ചൂട്.

Tuesday, November 23, 2010

ഓര്‍മകള്‍ കൊളുത്തി വലിക്കുമ്പോള്‍....


മരിച്ചുകഴിഞ്ഞാല്‍ മരണമടഞ്ഞ ആളെക്കുറിച്ച്
സ്തുതിച്ചുകൊണ്ടെഴുതുക എന്നത് പതിവാണ്.
എന്നാല്‍ ആ പതിവുകളുടെ ഭാഗമാവാതെ
ഒന്നുറക്കെ നിലവിളിക്കാന്‍ മനസ്സുകൊതിക്കുന്നു...

അമ്മയ്ക്ക് കൊടുക്കാന്‍ ബാക്കിയായ
ഒരു സാരിയുടെ കടവുംമനസ്സില്‍ പേറി...


ജീവിതത്തില്‍ അഭിനയിക്കാനറിയാത്ത ആ അമ്മയെ
നേരില്‍ക്കാണുന്നതും ആദ്യമായി അടുക്കുന്നതും ആറുവര്‍ഷം മുമ്പാണ്.
മാധ്യമപ്രവര്‍ത്തനത്തിന്റെ ഭാഗമായി
ഫോണിലൂടെ നേരത്തെ സംസാരിച്ച് പരിചയമുണ്ടായിരുന്നു.
ഇടവഴിയിലൂടെ ശാന്താദേവിയുടെ വീടുചോദിച്ചപ്പോള്‍
വീടുവരെ കൊണ്ടുവന്നുവിട്ടു അയല്‍വാസി.
എന്നിട്ടൊരുവിളി 'ശാന്തേച്ചീ' ന്ന്.
അപ്പോള്‍ ഞാനും മനസ്സില്‍ ഉറപ്പിച്ചു 'ശാന്തേച്ചീ'എന്നുതന്നെ വിളിക്കാം..

നേരത്തെ വരുമെന്ന് പറഞ്ഞിരുന്നതുകൊണ്ട്
ഒരുങ്ങിയിറങ്ങുന്ന ശാന്താദേവിയായിരുന്നു മനസ്സില്‍.
എന്നാല്‍ ഇറങ്ങിവന്നത് മുഖത്ത് നിറഞ്ഞുനില്‍ക്കുന്ന
കളങ്കമില്ലാത്ത ചിരിയുമായി ഒരു സാധു അമ്മ.


'വാ മോളേ'....ആ വിളിയില്‍ വാത്സല്യം നിറഞ്ഞിരുന്നു.
വരാന്തയുടെ സൗകര്യമില്ലായ്മയില്‍ ഇരിക്കാന്‍ വിമ്മിഷ്ടമില്ലല്ലോ
എന്ന ശങ്കിച്ച നോട്ടവും നല്‍കി അവര്‍ എന്റെ കൈയില്‍ കയറിപിടിച്ചു.
അന്ന് രണ്ടാള്‍ക്ക് കഷ്ടിച്ച് നില്‍ക്കാന്‍ കഴിയുന്ന അടുക്കളയിലും
കുടുസ്സുമുറികളിലെ ഇരുട്ടിലും ഞാന്‍ അവരോടൊപ്പം
ഒരുപാട് നേരം മനസ്സറിഞ്ഞിരുന്നു..സംസാരിച്ചു..
ഇടയ്ക്ക് വാക്കുകള്‍ മുറിഞ്ഞു..കരഞ്ഞു...
ചെറിയ പെട്ടിയില്‍ സൂക്ഷിച്ചിരുന്ന
സത്യജിത്തിന്റെയും ഭാര്യയുടെയും ഫോട്ടോ കാണിച്ച്
വിതുമ്പി..വിതുമ്പി..ആ അമ്മ...

സംസാരത്തിനിടയ്ക്ക് ശാന്തേച്ചീ എന്നിവിളിച്ചപ്പോള്‍ അവര്‍തന്നെ തിരുത്തി.
'ചേച്ചിയല്ല..അമ്മേന്ന് വിളിച്ചാ മതീട്ടോ മോള്....'
അവര്‍ അന്ന് പറഞ്ഞ കഥകളോരോന്നും മനസ്സില്‍ കിടക്കുന്നു..
ബാല്യം, കൗമാരം, യൗവനം, വാര്‍ധക്യം..
ഘട്ടങ്ങള്‍ ഓരോന്നായി കണ്ണില്‍ തെളിയുന്നപോലെ.

സീരിയലുകളില്‍നിന്നും സിനിമയില്‍നിന്നും
ശരിയായി പണം കിട്ടാത്തതിനെക്കുറിച്ചുള്ള വിഷമത്തേക്കാള്‍
ആ അമ്മയെ തകര്‍ത്തത് മകന്റെ മരണമായിരുന്നുവെന്ന് വ്യക്തം.
കോഴിക്കോട് അബ്ദുള്‍ഖാദര്‍ എന്ന മഹത് വ്യക്തിയുടെ
പ്രണയത്തിന്റെയും സ്‌നേഹത്തിന്റെയും അടയാളമായിരുന്ന
സത്യജിത്തിന്റെ അപ്രതീക്ഷിതമായ മരണവും
ജീവിതത്തിലെ കഷ്ടപ്പാടുകളും അവരെ തളര്‍ത്തി.

പറഞ്ഞതുതന്നെ വീണ്ടും വീണ്ടും പറഞ്ഞ്
സത്യജിത്തിന്റെ ഓര്‍മ്മയില്‍ അവര്‍ കരഞ്ഞുകൊണ്ടേയിരുന്നു.
അവസാനം പെട്ടന്ന് ഒരുനിര്‍ത്തല്‍..
'ഞാന്ങ്ങനെ ഓരോന്ന് പര്‍ഞ്ഞ് ന്റെ മോളെ സങ്കടപ്പെട്ത്ത്ണ്ട്‌ല്ലേ...
സഹിക്കാനാവ്ണില്ല്യ മോളേ...ആ കുട്ടീനേംകൂടി കാണാന്‍ ഓല് സമ്മേയ്ക്കിണില്ല്യ.....'
സത്യജിത്തിന്റെ കുഞ്ഞിനെ കാണാനാവാത്തതിന്റെ ദുഖം പിന്നെയും ബാക്കി....

മകന്‍ അവശേഷിപ്പിച്ച അവസാന കണ്ണിയെ
കണികാണാന്‍ കിട്ടാത്തതിന് ആരോടു സങ്കടം പറയാന്‍!
ഉച്ചക്ക് ഞങ്ങളൊന്നിച്ച് ഭക്ഷണം കഴിക്കാന്‍ ഹോട്ടലിലേക്ക് പോയി.
അവിടെ വെച്ച് ചോറില്‍ ടൊമാറ്റോ സോസുചേര്‍ത്ത് കഴിക്കുന്ന അമ്മ
എന്നില്‍ എന്റെ കുഞ്ഞുമോന്റെ ഓര്‍മ്മയാണുണ്ടാക്കിയത്.
ചെറിയ കുട്ടിയെപ്പോലെ ഒരു പിടി ചോറില്‍ ഒരുപാട് സോസ് ചൊരിഞ്ഞ്
ചെറിയ ഉരുളകള്‍ വായിലേക്കിടുന്ന അമ്മ.
ചുറ്റുംകൂടിയ തലശ്ശേരിയില്‍നിന്നുള്ള പര്‍ദ്ദ സംഘത്തിനൊപ്പം നിന്ന്
ഫോട്ടോക്ക് പോസ് ചെയ്യുമ്പോള്‍ നിറഞ്ഞ ചിരി..
എന്നിട്ട് എന്നോടായി പറഞ്ഞു..
'ചിലര്‍ ഇങ്ങനെ വരും, അപ്പോള്‍ എന്ത് സന്തോഷാന്നോ?
ചിലരാണെങ്കില്‍ കണ്ടാലും അടുത്തുവരില്ല, തുറിച്ചുനോക്കി തിരിഞ്ഞിരിക്കും.
അപ്പോ ശരിക്കും ദേഷ്യം വരും. ആ മനുഷ്യര്‍ക്കൊക്കെ ഒന്നു ചിരിച്ചാലെന്താ? '

തിരിച്ച് വീട്ടില്‍ കൊണ്ടുവിടാന്‍ പോയപ്പോള്‍ അവര്‍ പറഞ്ഞു,
'എന്നെ നജ്മല്‍ ബാബുവിന്റെ വീട്ടില്‍ വിട്ടാമതി..
സുഖമില്ലാതെ കിടക്കുകയാണ്. ഒന്നുകാണണം. '
അബ്ദുള്‍ഖാദറിന്റെ മക്കളിലൂടെ അദ്ദേഹത്തെ കാണുന്നു
ഖാദറിന്റെ സ്വന്തം ശാന്താദേവി എന്ന ദമയന്തി.

അന്ന് കവിളത്തൊരുമ്മയും തന്ന് എന്നെ യാത്രയാക്കിയപ്പോള്‍ പറഞ്ഞു,
'മോള് ഇടക്ക് വിളിക്കണം...'

ഇടയ്ക്ക് ഞാന്‍ വിളിച്ചു, പലപ്പോഴും കണ്ടു..
എന്നെക്കൊണ്ടാവുംവിധം ചെറിയ സഹായം നല്‍കി.
അവസാനത്തെ കാഴ്ച എന്റെ കണ്ണിലിപ്പോള്‍ നിറയുന്നു..
അന്ന് കണ്ടപ്പോള്‍ പറഞ്ഞത്, തന്റെ പേരക്കുട്ടിക്ക്
ഒരുജോലി വാങ്ങിക്കൊടുക്കണമെന്നായിരുന്നു.

എനിക്കതിന് സാധിക്കുമോ എന്നറിയില്ലെങ്കിലും ശ്രമിക്കാമെന്ന് ഉറപ്പുകൊടുത്തു..
അന്ന് പിരിയുമ്പോള്‍ അമ്മ ആദ്യമായി പറഞ്ഞു..
'നല്ല സാരി, മോള് ഇതെവിടുന്നാ വാങ്ങിയത്,
അടുത്ത തവണ വരുമ്പോള്‍ എനിക്കും കൊണ്ടുത്തരുമോ ഇതുപോലൊന്ന്...'
ആദ്യമായും അവസാനമായും എന്നോട് പറഞ്ഞ ആവശ്യം..

മരിച്ചുകഴിഞ്ഞപ്പോള്‍ നിരാശയേക്കാളേറെ കുറ്റബോധമാണ് തോന്നിയത്..
വയ്യെന്നറിഞ്ഞിട്ട് ഒന്നു കാണാന്‍ പോലും ചെല്ലാത്ത ഞാന്‍
കരയുന്നതിലും നിരാശപ്പെടുന്നതിലും പശ്ചാത്തപിക്കുന്നതിലും അര്‍ഥമുണ്ടോ?
കഴിഞ്ഞ ദിവസം കേരള കഫെയിലെ ചില സീനുകള്‍ വീണ്ടും കണ്ടപ്പോള്‍ മനസ്സില്‍ കരുതി..
നാളെത്തന്നെ പോയി കാണണം..
തിരക്കുകള്‍ തിരക്കുകള്‍ തന്നെയാണ്..
എങ്കിലും മനുഷ്യന്‍ വിചാരിച്ചാല്‍ മാറ്റാന്‍ പറ്റാത്ത തിരക്കുണ്ടോ?
എങ്കിലും ഇത്രപെട്ടന്ന് ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ല ആ മരണം...
മരിക്കുംവരെ എന്നെ പിന്തുടരാന്‍ സങ്കടം ബാക്കിയായി ആ അമ്മ പോയി...
ആഗ്രഹങ്ങളും വാഗ്ദാനങ്ങളുമില്ലാത്ത ശാന്തമായ ലോകത്തേക്ക്...
പരിഭവങ്ങളില്ലാതെ, പരാതിയില്ലാതെ...

Monday, July 12, 2010

നമുക്ക് യാത്രപോകാം...തേക്കിന്റെ വിസ്മയക്കാഴ്ചകളിലൂടെ




കുറെ കാലമായി ചിന്തിക്കുന്നു സ്ഥലങ്ങളെക്കുറിച്ചും യാത്രകളെക്കുറിച്ചുമെല്ലാം എഴുതാമെന്ന്. എന്നാല്‍ ഏതുതരം യാത്രയെക്കുറിച്ചാണ് എഴുതേണ്ടതെന്നതിനെക്കുറിച്ചുമാത്രം ഒരു കണ്‍ഫ്യൂഷന്‍. പിന്നെ തോന്നി, കേരളം പോലൊരു സംസ്ഥാനത്ത് ഇത്രമനോഹരങ്ങളായ സ്ഥലങ്ങളുണ്ടാവുമ്പോള്‍ എന്തിന് മറ്റൊന്നിനെക്കുറിച്ച് പറയണം! ആദ്യം നാടുകാണാം...പിന്നെയാകാം പുറം നാട്..അല്ലേ?

ഞാന്‍ മലബാറിലായതിനാല്‍ അവിടെനിന്നുതന്നെ യാത്ര തുടങ്ങാം. ഇപ്പോള്‍ നമ്മള്‍ പോകുന്നത് നിലമ്പൂരിലേക്കാണ്. മലപ്പുറം ജില്ലയില്‍ വിദേശികളുടെ കണ്ണുകളില്‍ ഈ അടുത്തകാലത്തുമാത്രം ഉടക്കിത്തുടങ്ങിയ സുന്ദര ഭൂമിയിലേക്ക്. തേക്ക് മ്യൂസിയം, കൊണോലി പ്ലോട്ട്, നെടുങ്കയത്തെ ഡോസണ്‍ ബ്രിഡ്ജ്, ആഢ്യന്‍പാറ വെള്ളച്ചാട്ടം അങ്ങനെ കാ്‌ഴ്ചകളുടെ സമൃദ്ധിതന്നെ നിലമ്പൂര്‍ നമുക്കായി ഒരുക്കിയിട്ടുണ്ട്.
എന്റെ നഗരമായ കോഴിക്കോടുനിന്ന് ഒന്നര മണിക്കൂര്‍ മാത്രം യാത്രചെയ്‌തെത്താവുന്ന ഈ വിസ്മയക്കാഴ്ചകള്‍തന്നെയാകട്ടെ ആദ്യം.


തേക്ക് മ്യൂസിയം
ചരിത്രവും വര്‍ത്തമാനവും കൂടിക്കലര്‍ന്ന തേക്കിന്റെ വൈവിധ്യത്തിലേക്കാണ് തേക്ക് മ്യൂസിയം നമ്മളെ കൊണ്ടുപോവുന്നത്. മ്യൂസിയത്തിന്റെ ഗേറ്റ് കടക്കുമ്പോള്‍ത്തന്നെ നമ്മളെ എതിരേല്‍ക്കുന്നത് ഭൂമി കൈയിലേന്തി തേക്കിന്‍ വേരുകളില്‍ ഇരുപ്പറപ്പിച്ച് കിരീടം ചൂടിയ ഒരു പ്രതിമയാണ്. ഇരുവശവും മുളങ്കൂട്ടങ്ങള്‍ പാതയ്ക്ക് ഭംഗിയേറ്റുന്നു. പാതയുടെ ഒരു വശത്ത് കൃത്രിമമായി നിര്‍മ്മിച്ച അരുവി. അതിനുകുറുകെ ചെറിയ മരപ്പാലം. മണല്‍പ്പുറ്റുകള്‍..
മ്യൂസിയത്തിനുള്ളിലേക്കുള്ള വാതിലിനഭിമുഖമായി ആരെയും ഒന്നുപിടിച്ചുനിര്‍ത്തുന്ന വേരുപടലമുണ്ട്. വര്‍ഷങ്ങള്‍ പഴക്കം ചെല്ലുമ്പോള്‍ തേക്കിന്റെവേരുകള്‍ വേരുപടലമായി മാറുന്നതിനെക്കുറിച്ചുള്ള വിവരം അവിടെ എഴുതിവെച്ചിരിക്കുന്നു. അകത്തുകയറുമ്പോള്‍ മലയാറ്റൂര്‍ തേക്കിന്റെ മോഡല്‍ ഉണ്ടാക്കിവെച്ചിരിക്കുന്നതുകാണാം. നാലുമുതല്‍ 40 വയസ്സുവരെയുള്ള തേക്കുകള്‍ ഇവിടെ കാണാം. ജൈവനാമവും നീളവും പ്രായവുമെല്ലാം ഓരോ തേക്കിലുമുണ്ട്. ചുമരില്‍ തേക്ക് കുടുംബത്തെ വര്‍ണ്ണിക്കുന്ന വിശദമായ രൂപങ്ങള്‍. വലിയൊരു ഭൂഗോളത്തില്‍ ലോകത്തെ തേക്കിന്‍കാടുകളുടെ ലഭ്യത ശതമാനക്കണക്കില്‍ ഭംഗിയായി രേഖപ്പെടുത്തിയിട്ടുണ്ട്. മുഗള്‍ രാജഭരണം മുതലുള്ള ചരിത്രത്തിന് സാക്ഷിയായ ഒരു വന്‍തേക്കിന്റെ തടിയും വേരും, ഓര്‍മ്മകള്‍ക്ക് സാക്ഷ്യംവഹിച്ച് അവിടെ സുഖമായി ഇരിക്കുന്നുണ്ട്. തേക്കുതടിയിലെ കാലചക്രങ്ങള്‍ എണ്ണിയാല്‍ തേക്കിന്റെ പഴക്കം മനസ്സിലാക്കാം.
താഴത്തെ നിലയിലെ കാണാക്കാഴ്ചകള്‍ കണ്ട് മുകളിലേക്ക് നടക്കുമ്പോള്‍ പഴയ മച്ചകത്തു ചെല്ലുമ്പോഴുള്ള അനുഭവമാണ്. മുഴുവന്‍ തേക്കില്‍ തീര്‍ത്ത മേല്‍ക്കൂരയ്ക്കു കീഴെ ആരും കുറച്ചുനേരം ഇരുന്നുപോകും. തേക്കില്‍തീര്‍ത്ത ഉപകരണങ്ങളുടെയും ഉരുപ്പടികളുടെയും ശേഖരത്തില്‍ കട്ടിലും ആട്ടുതൊട്ടിലും ചാരുകസേരയും ഭസ്മക്കൊട്ടയും പെഡസ്റ്റല്‍ മേശയും ഡ്രസ്സിങ് ടേബിളും അങ്ങനെയങ്ങനെ പണ്ടത്തെ കേരളീയ ഗൃഹത്തിനുള്‍വശത്തെ അനുസ്മരിപ്പിക്കുന്നവ നിറഞ്ഞുനില്‍ക്കുന്നു. ഒരു കൊട്ടാരത്തിലെത്തിയ പ്രതീതി. ഭിത്തിയില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള തേക്ക് തടികളുടെ മാതൃകകള്‍. തേക്കിന്‍ കാട്ടില്‍ താമസമാക്കിയ ഷഡ്പദങ്ങളെ മറ്റൊരു ഷെല്‍ഫില്‍ മനോഹരമായി സ്റ്റഫ് ചെയ്തുവെച്ചിട്ടുണ്ട്. അപൂര്‍വ്വ ഇനം ചിത്രശലഭങ്ങളും വണ്ടുകളുമെല്ലാം അവിടെ സ്ഥാനം പിടിച്ചിരിക്കുന്നു.
തേക്ക് മ്യൂസിയത്തിലെ ഭംഗിയുള്ള കാഴ്ചകള്‍ കണ്ട് പുറത്തേക്കിറങ്ങുമ്പോള്‍ പിറകില്‍ ജൈവ ഉദ്യാനമാണ്. ഇടതുവശത്തെ ഇടതൂര്‍ന്ന വള്ളിപ്പടര്‍പ്പുകളില്‍ കയറാന്‍ മോഹിക്കാത്തവര്‍ അപൂര്‍വം. മുന്നോട്ടുനീങ്ങുമ്പോള്‍ പച്ചപ്പിന്റെ കലവറ കണ്ണിന് കൗതുകമാകുന്നു. ഇടയ്ക്കിടെ വെള്ള, ചുമപ്പ്, നീലത്താമരകള്‍ നിറഞ്ഞുനില്‍ക്കുന്ന കുളങ്ങള്‍, മുളകൊണ്ടുണ്ടാക്കിയ വീടുകള്‍, പര്‍ണ്ണശാലകളെ അനുസ്മരിപ്പിക്കുന്ന കുടിലുകള്‍ അങ്ങനെയങ്ങനെ..കൂട്ടിന് മുളംകാടുകളില്‍നിന്നും വിരുന്നിനെത്തുന്ന വാനരന്‍മാരും.
ഒരാള്‍ക്ക് 10 രൂപയാണ് പ്രവേശന ഫീസ്. തേക്ക് മ്യൂസിയം കണ്ടിറങ്ങുന്നവര്‍ക്ക് വേണ്ട ഭക്ഷണ സൗകര്യങ്ങള്‍ മ്യൂസിയത്തിനു മുന്‍വശത്തുതന്നെ ലഭ്യമാണ്.

കൊണോലി പ്ലോട്ട്
ലോകത്തെ ഏറ്റവും പഴക്കം ചെന്ന തേക്കിന്‍തോട്ടം ഈ കൊച്ചുകേരളത്തിലാണെന്ന കാര്യം നമ്മളില്‍ പലര്‍ക്കും അറിയില്ല. 2.31 ഹെക്ടറിലായി വിരിഞ്ഞുകിടക്കുന്ന കൊണോലി പ്ലോട്ടിന്റെ പ്രധാന ആകര്‍ഷണം വേനല്‍ക്കാലത്തും നിറഞ്ഞൊഴുകുന്ന ചാലിയാറും അതിനു കുറുകെയുള്ള മനോഹരമായ തൂക്കുപാലവുമാണ്.
തേക്കിന്‍ തോട്ടത്തിനകത്തേക്ക് യാത്രക്കാരെ സ്വാഗതം ചെയ്യുന്നത് കൂറ്റന്‍ ഉരുക്കുകയറുകളില്‍ തൂങ്ങിയാടുന്ന തൂക്കുപാലമാണ്. ആളുകള്‍ കയറുമ്പോള്‍ ഇളകിയാടുന്ന പാലത്തിലൂടെയുള്ള നടപ്പ് രസകരമാണ്. തേക്കുമരങ്ങളിലൂടെ തട്ടിയെത്തുന്ന കാറ്റും പാലത്തില്‍നിന്നുള്ള പ്രകൃതിദൃശ്യങ്ങളും ആസ്വദിച്ച് പാലംകടന്ന് ചുറ്റു ഗോവണികളിലൂടെ താഴെയിറങ്ങുമ്പോള്‍ കാടിന്റെ ശാന്തതയും കുളിര്‍മയും അനുഭവപ്പെടും. തേക്ക് മരങ്ങള്‍ക്കിടയിലൂടെയുള്ള നടപ്പാതയിലൂടെ മുന്നോട്ടുനീങ്ങിയാല്‍ എത്തുന്നത് ഒരു ഭീമന്‍ തേക്കിന്റെ അടുത്താണ്. നീളം കൊണ്ട് ഏഷ്യയിലെത്തന്നെ ഏറ്റവും മിടുക്കനെന്ന് അവകാശപ്പെടുന്ന ഈ തേക്കിന്റെ ഉയരം 46.5 മീറ്ററാണ്. ചുരുങ്ങിയത് അഞ്ചുപേരെങ്കിലും കൈകോര്‍ത്തുപിടിച്ചാലെ ഈ കൂറ്റന്‍ തേക്കിനെ വട്ടം പിടിക്കാനാവൂ.
1842 മുതല്‍ 1844-വരെയുള്ള കാലത്താണ് നിലമ്പൂരില്‍ ഈ തേക്കിന്‍തോട്ടം നിര്‍മ്മിക്കപ്പെട്ടത്. അന്ന് മലബാര്‍ കളക്ടറായിരുന്ന എച്ച്.വി.കൊണോലിയും വനം വകുപ്പ് ഉദ്യോഗസ്ഥനായിരുന്ന ചാത്തുനായരുമാണ് ഈ തേക്കിന്‍തോട്ടം നിര്‍മ്മിക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ചത്. കൊണോലി സായിപ്പിന്റെ സ്മരണാര്‍ഥം ഈ തേക്കിന്‍ കാടിന് കൊണോലി പ്ലോട്ട് എന്നുപേരിടുകയായിരുന്നു.

ആഢ്യന്‍പാറ
വിനോദസഞ്ചാരികളുടെ തിരക്കില്‍ മുങ്ങിനില്‍ക്കുന്ന ആഢ്യന്‍പാറയിലെ സുന്ദരമായ വെള്ളച്ചാട്ടം ഇപ്പോള്‍ ഏറെ പ്രശസ്തമാണ്. മനോഹരമായ മലനിരകള്‍ക്കിടയില്‍ ചെരിഞ്ഞുകിടക്കുന്ന പാറയിലൂടെ താഴേക്കിറങ്ങിയാല്‍ വെള്ളച്ചാട്ടത്തിനരികെയെത്താം. മലപ്പുറം ജില്ലക്കാരുടെ സ്ഥിരം ഒഴിവുദിന സങ്കേതമാണിത്. ഇപ്പോള്‍ മറ്റുദേശങ്ങളില്‍ നിന്ന് കേട്ടറിഞ്ഞെത്തുന്ന സന്ദര്‍ശകരും കുറവല്ല. അതിരപ്പള്ളിയിലേതുപോലെ കുത്തിയൊഴുകുന്ന വലിയ വെള്ളച്ചാട്ടമല്ലെങ്കിലും പ്രൗഢിയില്‍ തന്റെ ആഢ്യത്വം കാത്തുസൂക്ഷിക്കുന്നു മലബാറിന്റെ സ്വന്തം ആഢ്യന്‍പാറ. വേനലിന്റെ കത്തലിലും ആഢ്യന്‍പാറയുടെ കുളിരുള്ള സൗന്ദര്യം ചോരുന്നില്ല. പാറക്കൂട്ടങ്ങളിലൂടെ മുകളിലേക്ക് കയറി കാടിന്റെ ഭംഗി മതിയാവോളം ആസ്വദിക്കാം. വെള്ളച്ചാട്ടത്തിനപ്പുറം കാടാണ്. ആന, മാന്‍, കാട്ടുപോത്ത് തുടങ്ങിയ വന്യജീവികള്‍ ഈ കാടിനകത്തുണ്ട്. വനംവകുപ്പിന്റെ സമ്മതം വാങ്ങി കാടിനകത്ത് ഗൈഡിന്റെ സഹായത്തോടെ ചുറ്റിക്കാണുകയും ചെയ്യാം. ആഡ്യന്‍പാറയില്‍ നിന്ന് മുകളിലേക്ക് നടന്നുകയറിയാല്‍ ചിത്രശലഭങ്ങളുടെ സങ്കേതമായ മഞ്ഞപ്പാറയും, കാടിന്റെയും മലകളുടെയും സൗന്ദര്യവും നുകരാം. ടൂറിസം വകുപ്പിന്റെ യൂത്ത് ഹോസ്റ്റലും ടൂറിസം ഫെസിലിറ്റേഷന്‍ സെന്ററും ഇവിടെ പണിതീര്‍ന്ന് ഉദ്ഘാടനം കാത്തുകിടക്കുന്നുണ്ട്. സഞ്ചാരികള്‍ക്കുള്ള പാര്‍ക്ക് അടക്കം വന്‍ ടൂറിസം പദ്ധതികളാണ് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ ആഡ്യന്‍പാറയില്‍ ഈ വര്‍ഷം പ്രഖ്യാപിച്ചിട്ടുള്ളത്.

നെടുംകയം
നിലമ്പൂരില്‍നിന്ന് 15 കിലോമീറ്റര്‍ അകലെയാണ് നെടുംകയം. വനംവകുപ്പിന്റെ ചെക്ക് പോസ്റ്റുകഴിഞ്ഞ് മുന്നോട്ടുചെന്നാല്‍ ചാലിയാറിനുകുറുകെ ഇരുമ്പുപാലം കാണാം.
ഇതിലെ ഒഴുകുന്ന സുന്ദരിപ്പുഴയില്‍, നെടുംകയം എന്ന പേരുപോലെത്തന്നെ ചതി പതുങ്ങിയിരിക്കുന്ന ഒരു വലിയ കയമുണ്ട്. അതുകൊണ്ടുതന്നെ ഒരു മുന്നറിയിപ്പെന്നവണ്ണം പാലത്തിലേക്ക് കടക്കുന്നയിടത്ത് ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു. '' 1938-ല്‍ ഇംഗ്ലീഷുകാരനായ ഫോറസ്റ്റ് എഞ്ചിനിയര്‍ ഈ കയത്തില്‍ മുങ്ങി മരിച്ചതാണ് രേഖാമൂലമുള്ള ആദ്യത്തെ വിവരം. അതിനുശേഷം പല സന്ദര്‍ശകരും ഭാഗ്യം കൊണ്ടുമാത്രം രക്ഷപ്പെട്ടിട്ടുണ്ട്. ഏറ്റവും അവസാനം ഇവിടെ മരിച്ചത് 2007 സപ്തംബര്‍ 12-ന് കോഴിക്കോട്ടുകാരനായ ഫത്തഹുദ്ധീന്‍ ആണ. ഈ കയത്തിലെ എക്കാലത്തെയും അവസാനത്തെ ദുരന്തവും ഇതായിരിക്കട്ടെ'' .
കയത്തില്‍ നിന്തുന്നത് കര്‍ശനമായി നിരോധിച്ചിട്ടുണ്ട്. എഞ്ചിനിയറായിരുന്ന ഡോസണിന്റെ സ്മരണാര്‍ഥം പുഴയുടെ കുറുകെ നിലനിര്‍ക്കുന്ന ഇരുമ്പുപാലം കടന്ന് മുന്നോട്ടുനടന്നാല്‍ ഒരു ശവക്കല്ലറ കാണാം. പാലം നിര്‍മ്മിച്ച ഡോസണിന്റെ കല്ലറയാണിത്. അവിടെനിന്ന് മുന്നോട്ടുപോയാല്‍ പിന്നെ കാടാണ്. ഒന്നരക്കിലോമീറ്ററോളം കാട്ടിലൂടെ നടക്കാം. ഭാഗ്യമുണ്ടെങ്കില്‍ വന്യജീവികളെയും കാണാം. സാഹസികതയെ സ്‌നേഹിക്കുന്നവര്‍ക്കും പ്രകൃതിയെ സ്‌നേഹിക്കുന്നവര്‍ക്കും ഏറ്റവും അനുയോജ്യമായ വിരുന്നാണ് നെടുംകയം ഒരുക്കിയിരിക്കുന്നത്.
നിലമ്പൂരില്‍ ഒന്നരമണിക്കൂര്‍ കൊണ്ട് നാടുകാണി ചുരം വഴി ഗൂഡല്ലൂരിലെത്താം. (56 കി.മീ) മുതുമല ആനസങ്കേതവും മസിനഗുഡിയും അല്പമകലെ ഊട്ടിയും സഞ്ചാരികളെ കാത്തിരിക്കുന്നു.
നിലമ്പൂര്‍ ഒരിക്കല്‍ ചുറ്റിക്കണ്ടവര്‍ക്ക് ഒരിക്കലും മറക്കാനാവാത്ത ഓര്‍മ്മകളാണ് ആ പ്രദേശം നല്‍കുക. ഇത്രയരികെ വിജ്ഞാനത്തിന്റെയും കൗതുകത്തിന്റെയും വിനോദത്തിന്റെയും ഇങ്ങനെയൊരു കേന്ദ്രമിരിക്കെ ഇനി വേറെ സങ്കേതങ്ങള്‍ തേടുന്നതെന്തിന്!!