Tuesday, November 23, 2010

ഓര്‍മകള്‍ കൊളുത്തി വലിക്കുമ്പോള്‍....


മരിച്ചുകഴിഞ്ഞാല്‍ മരണമടഞ്ഞ ആളെക്കുറിച്ച്
സ്തുതിച്ചുകൊണ്ടെഴുതുക എന്നത് പതിവാണ്.
എന്നാല്‍ ആ പതിവുകളുടെ ഭാഗമാവാതെ
ഒന്നുറക്കെ നിലവിളിക്കാന്‍ മനസ്സുകൊതിക്കുന്നു...

അമ്മയ്ക്ക് കൊടുക്കാന്‍ ബാക്കിയായ
ഒരു സാരിയുടെ കടവുംമനസ്സില്‍ പേറി...


ജീവിതത്തില്‍ അഭിനയിക്കാനറിയാത്ത ആ അമ്മയെ
നേരില്‍ക്കാണുന്നതും ആദ്യമായി അടുക്കുന്നതും ആറുവര്‍ഷം മുമ്പാണ്.
മാധ്യമപ്രവര്‍ത്തനത്തിന്റെ ഭാഗമായി
ഫോണിലൂടെ നേരത്തെ സംസാരിച്ച് പരിചയമുണ്ടായിരുന്നു.
ഇടവഴിയിലൂടെ ശാന്താദേവിയുടെ വീടുചോദിച്ചപ്പോള്‍
വീടുവരെ കൊണ്ടുവന്നുവിട്ടു അയല്‍വാസി.
എന്നിട്ടൊരുവിളി 'ശാന്തേച്ചീ' ന്ന്.
അപ്പോള്‍ ഞാനും മനസ്സില്‍ ഉറപ്പിച്ചു 'ശാന്തേച്ചീ'എന്നുതന്നെ വിളിക്കാം..

നേരത്തെ വരുമെന്ന് പറഞ്ഞിരുന്നതുകൊണ്ട്
ഒരുങ്ങിയിറങ്ങുന്ന ശാന്താദേവിയായിരുന്നു മനസ്സില്‍.
എന്നാല്‍ ഇറങ്ങിവന്നത് മുഖത്ത് നിറഞ്ഞുനില്‍ക്കുന്ന
കളങ്കമില്ലാത്ത ചിരിയുമായി ഒരു സാധു അമ്മ.


'വാ മോളേ'....ആ വിളിയില്‍ വാത്സല്യം നിറഞ്ഞിരുന്നു.
വരാന്തയുടെ സൗകര്യമില്ലായ്മയില്‍ ഇരിക്കാന്‍ വിമ്മിഷ്ടമില്ലല്ലോ
എന്ന ശങ്കിച്ച നോട്ടവും നല്‍കി അവര്‍ എന്റെ കൈയില്‍ കയറിപിടിച്ചു.
അന്ന് രണ്ടാള്‍ക്ക് കഷ്ടിച്ച് നില്‍ക്കാന്‍ കഴിയുന്ന അടുക്കളയിലും
കുടുസ്സുമുറികളിലെ ഇരുട്ടിലും ഞാന്‍ അവരോടൊപ്പം
ഒരുപാട് നേരം മനസ്സറിഞ്ഞിരുന്നു..സംസാരിച്ചു..
ഇടയ്ക്ക് വാക്കുകള്‍ മുറിഞ്ഞു..കരഞ്ഞു...
ചെറിയ പെട്ടിയില്‍ സൂക്ഷിച്ചിരുന്ന
സത്യജിത്തിന്റെയും ഭാര്യയുടെയും ഫോട്ടോ കാണിച്ച്
വിതുമ്പി..വിതുമ്പി..ആ അമ്മ...

സംസാരത്തിനിടയ്ക്ക് ശാന്തേച്ചീ എന്നിവിളിച്ചപ്പോള്‍ അവര്‍തന്നെ തിരുത്തി.
'ചേച്ചിയല്ല..അമ്മേന്ന് വിളിച്ചാ മതീട്ടോ മോള്....'
അവര്‍ അന്ന് പറഞ്ഞ കഥകളോരോന്നും മനസ്സില്‍ കിടക്കുന്നു..
ബാല്യം, കൗമാരം, യൗവനം, വാര്‍ധക്യം..
ഘട്ടങ്ങള്‍ ഓരോന്നായി കണ്ണില്‍ തെളിയുന്നപോലെ.

സീരിയലുകളില്‍നിന്നും സിനിമയില്‍നിന്നും
ശരിയായി പണം കിട്ടാത്തതിനെക്കുറിച്ചുള്ള വിഷമത്തേക്കാള്‍
ആ അമ്മയെ തകര്‍ത്തത് മകന്റെ മരണമായിരുന്നുവെന്ന് വ്യക്തം.
കോഴിക്കോട് അബ്ദുള്‍ഖാദര്‍ എന്ന മഹത് വ്യക്തിയുടെ
പ്രണയത്തിന്റെയും സ്‌നേഹത്തിന്റെയും അടയാളമായിരുന്ന
സത്യജിത്തിന്റെ അപ്രതീക്ഷിതമായ മരണവും
ജീവിതത്തിലെ കഷ്ടപ്പാടുകളും അവരെ തളര്‍ത്തി.

പറഞ്ഞതുതന്നെ വീണ്ടും വീണ്ടും പറഞ്ഞ്
സത്യജിത്തിന്റെ ഓര്‍മ്മയില്‍ അവര്‍ കരഞ്ഞുകൊണ്ടേയിരുന്നു.
അവസാനം പെട്ടന്ന് ഒരുനിര്‍ത്തല്‍..
'ഞാന്ങ്ങനെ ഓരോന്ന് പര്‍ഞ്ഞ് ന്റെ മോളെ സങ്കടപ്പെട്ത്ത്ണ്ട്‌ല്ലേ...
സഹിക്കാനാവ്ണില്ല്യ മോളേ...ആ കുട്ടീനേംകൂടി കാണാന്‍ ഓല് സമ്മേയ്ക്കിണില്ല്യ.....'
സത്യജിത്തിന്റെ കുഞ്ഞിനെ കാണാനാവാത്തതിന്റെ ദുഖം പിന്നെയും ബാക്കി....

മകന്‍ അവശേഷിപ്പിച്ച അവസാന കണ്ണിയെ
കണികാണാന്‍ കിട്ടാത്തതിന് ആരോടു സങ്കടം പറയാന്‍!
ഉച്ചക്ക് ഞങ്ങളൊന്നിച്ച് ഭക്ഷണം കഴിക്കാന്‍ ഹോട്ടലിലേക്ക് പോയി.
അവിടെ വെച്ച് ചോറില്‍ ടൊമാറ്റോ സോസുചേര്‍ത്ത് കഴിക്കുന്ന അമ്മ
എന്നില്‍ എന്റെ കുഞ്ഞുമോന്റെ ഓര്‍മ്മയാണുണ്ടാക്കിയത്.
ചെറിയ കുട്ടിയെപ്പോലെ ഒരു പിടി ചോറില്‍ ഒരുപാട് സോസ് ചൊരിഞ്ഞ്
ചെറിയ ഉരുളകള്‍ വായിലേക്കിടുന്ന അമ്മ.
ചുറ്റുംകൂടിയ തലശ്ശേരിയില്‍നിന്നുള്ള പര്‍ദ്ദ സംഘത്തിനൊപ്പം നിന്ന്
ഫോട്ടോക്ക് പോസ് ചെയ്യുമ്പോള്‍ നിറഞ്ഞ ചിരി..
എന്നിട്ട് എന്നോടായി പറഞ്ഞു..
'ചിലര്‍ ഇങ്ങനെ വരും, അപ്പോള്‍ എന്ത് സന്തോഷാന്നോ?
ചിലരാണെങ്കില്‍ കണ്ടാലും അടുത്തുവരില്ല, തുറിച്ചുനോക്കി തിരിഞ്ഞിരിക്കും.
അപ്പോ ശരിക്കും ദേഷ്യം വരും. ആ മനുഷ്യര്‍ക്കൊക്കെ ഒന്നു ചിരിച്ചാലെന്താ? '

തിരിച്ച് വീട്ടില്‍ കൊണ്ടുവിടാന്‍ പോയപ്പോള്‍ അവര്‍ പറഞ്ഞു,
'എന്നെ നജ്മല്‍ ബാബുവിന്റെ വീട്ടില്‍ വിട്ടാമതി..
സുഖമില്ലാതെ കിടക്കുകയാണ്. ഒന്നുകാണണം. '
അബ്ദുള്‍ഖാദറിന്റെ മക്കളിലൂടെ അദ്ദേഹത്തെ കാണുന്നു
ഖാദറിന്റെ സ്വന്തം ശാന്താദേവി എന്ന ദമയന്തി.

അന്ന് കവിളത്തൊരുമ്മയും തന്ന് എന്നെ യാത്രയാക്കിയപ്പോള്‍ പറഞ്ഞു,
'മോള് ഇടക്ക് വിളിക്കണം...'

ഇടയ്ക്ക് ഞാന്‍ വിളിച്ചു, പലപ്പോഴും കണ്ടു..
എന്നെക്കൊണ്ടാവുംവിധം ചെറിയ സഹായം നല്‍കി.
അവസാനത്തെ കാഴ്ച എന്റെ കണ്ണിലിപ്പോള്‍ നിറയുന്നു..
അന്ന് കണ്ടപ്പോള്‍ പറഞ്ഞത്, തന്റെ പേരക്കുട്ടിക്ക്
ഒരുജോലി വാങ്ങിക്കൊടുക്കണമെന്നായിരുന്നു.

എനിക്കതിന് സാധിക്കുമോ എന്നറിയില്ലെങ്കിലും ശ്രമിക്കാമെന്ന് ഉറപ്പുകൊടുത്തു..
അന്ന് പിരിയുമ്പോള്‍ അമ്മ ആദ്യമായി പറഞ്ഞു..
'നല്ല സാരി, മോള് ഇതെവിടുന്നാ വാങ്ങിയത്,
അടുത്ത തവണ വരുമ്പോള്‍ എനിക്കും കൊണ്ടുത്തരുമോ ഇതുപോലൊന്ന്...'
ആദ്യമായും അവസാനമായും എന്നോട് പറഞ്ഞ ആവശ്യം..

മരിച്ചുകഴിഞ്ഞപ്പോള്‍ നിരാശയേക്കാളേറെ കുറ്റബോധമാണ് തോന്നിയത്..
വയ്യെന്നറിഞ്ഞിട്ട് ഒന്നു കാണാന്‍ പോലും ചെല്ലാത്ത ഞാന്‍
കരയുന്നതിലും നിരാശപ്പെടുന്നതിലും പശ്ചാത്തപിക്കുന്നതിലും അര്‍ഥമുണ്ടോ?
കഴിഞ്ഞ ദിവസം കേരള കഫെയിലെ ചില സീനുകള്‍ വീണ്ടും കണ്ടപ്പോള്‍ മനസ്സില്‍ കരുതി..
നാളെത്തന്നെ പോയി കാണണം..
തിരക്കുകള്‍ തിരക്കുകള്‍ തന്നെയാണ്..
എങ്കിലും മനുഷ്യന്‍ വിചാരിച്ചാല്‍ മാറ്റാന്‍ പറ്റാത്ത തിരക്കുണ്ടോ?
എങ്കിലും ഇത്രപെട്ടന്ന് ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ല ആ മരണം...
മരിക്കുംവരെ എന്നെ പിന്തുടരാന്‍ സങ്കടം ബാക്കിയായി ആ അമ്മ പോയി...
ആഗ്രഹങ്ങളും വാഗ്ദാനങ്ങളുമില്ലാത്ത ശാന്തമായ ലോകത്തേക്ക്...
പരിഭവങ്ങളില്ലാതെ, പരാതിയില്ലാതെ...