തര്‍ജ്ജമകളുടെ ലോകത്തുനിന്നും
അല്പം ആശ്വാസം കിട്ടിയപ്പോള്‍
പത്രങ്ങള്‍ക്കിടയിലൂടെ വെറുതെ ഊളിയിടുകയായിരുന്നു ഞാന്‍.
പെട്ടന്നാണത് കണ്ടത്..
മനസ്സ് ഒരുനിമിഷം നിന്നുപോയി..
ഓര്‍മകളുടെ താളുകള്‍ പുറകോട്ടുമറിഞ്ഞത് പൊടുന്നനെയായിരുന്നു....
14 വര്‍ഷങ്ങള്‍ക്കുമുമ്പാണത്..
കൃത്യമായി പറഞ്ഞാല്‍ 1995-ലെ സപ്തംബര്‍ മാസം.
പ്രീ-ഡിഗ്രി പഠനത്തിനായി ഞാന്‍
ചങ്ങനാശ്ശേരി അസംപ്ഷന്‍ കോളേജിലെത്തുന്നു.
താമസിക്കുന്നത് പയസ് ടെന്ത് ഹോസ്റ്റലിലും.
ആദ്യമായി ഹോസ്റ്റലില്‍ ചേരുന്നതിന്റെ ജാള്യതയില്‍,
ഹോസ്റ്റലിലെ കടുത്ത റാഗിങ്ങിനെക്കുറിച്ചുള്ള
നിറം പിടിപ്പിച്ച കഥകളുടെ നടുവിലൂടെ
ഞാന്‍ അച്ഛനൊപ്പം പടികയറി..
നിറ ചിരിയോടെ സീനിയേഴ്സ് കാത്തുനിന്നിരുന്നു.
എന്റെ കൈയിലെ ബാഗ് വാങ്ങി അവര്‍ അച്ഛനോട് പറഞ്ഞു,
'' അങ്കിള്‍ ഒന്നും പേടിക്കണ്ടന്നേ...ഇവിടെ ഞങ്ങളൊക്കെയുണ്ട്''..
ഇരുത്തിയ വാക്കുകളില്‍ വലിയ റാഗിങ് ഞാന്‍ മണക്കുന്നുണ്ടായിരുന്നു.
ആ ശബ്ദത്തിനുടമയെ ഞാന്‍ ഒന്ന് നോക്കി..
തോള് വരെ മാത്രം മുടിയുള്ള വെളുത്തു മെലിഞ്ഞ ഒരു സുന്ദരിചേച്ചി..കൂടെ വേറെ കുറച്ചുപേരും.
അവരെന്നെ മുറിയിലേയ്ക്ക് കൊണ്ടുപോയി.
മുറിയില്‍ ഞങ്ങള്‍ ആറുപേര്‍.
ബബിന്‍, നിഷ, റോഷ്നി, ജൂണി, രേഖ, പ്രിയ പിന്നെ ഞാനും.
എല്ലാവരും പരിചയപ്പെട്ടു.
കാര്യങ്ങള്‍ വിചാരിച്ചത്ര പ്രശ്നമില്ല.
ആരും റാഗ് ചെയ്തില്ല.
പിന്നെ ആരോ പറഞ്ഞുകേട്ടു
സിസ്റ്റര്‍ റാഗിങ്ങിനെതിരെ തക്കതായ വാണിങ് നല്‍കിയിരുന്നു എന്ന്.
സിസ്റ്റര്‍ ജെയിനിന് സ്തുതി പറഞ്ഞ് ആ രാത്രി അവസാനിച്ചു.
പിറ്റെന്ന് കോളേജില്‍ ആദ്യ ദിനം.
ഓഡിറ്റോറിയത്തില്‍ മീറ്റിങ്ങിനുശേഷം ഒരു മണിക്കൂര്‍ ക്ലാസില്‍.
പിന്നെ തിരിച്ച് ഹോസ്റ്റലിലേയ്ക്ക്.
അന്ന് രാത്രി ഡിഗ്രി മൂന്നാംവര്‍ഷത്തിലെ
ചേച്ചിമാര് പരിചയപ്പെടാന്‍ വന്നു.
ജൂലിചേച്ചിയും ബെറ്റിചേച്ചിയും ബിന്ദുചേച്ചിയും
താജുന്നിസ ചേച്ചിയുമെല്ലാം..
മുറിയടച്ചിട്ട ആ പരിചയപ്പെടല്‍ ജൂണിയെയും പ്രിയയെയും പോലുള്ളവര്‍ക്ക് സഹിക്കാനാവുന്നതിലേറെയായിരുന്നു.
(ഭാഗ്യത്തിന് ദൈവം അന്നേ എനിക്ക്
തൊലിക്കട്ടി നന്നായി നല്‍കിയിരുന്നു!!!).
അടുത്ത ദിവസം രണ്ടാം വര്‍ഷ പ്രീഡിഗ്രിക്കാരുടെ ഊഴമായിരുന്നു. പ്രതീക്ഷിച്ചപോലെയായിരുന്നില്ല കാര്യങ്ങള്‍.
റാഗിങ്ങല്ല, ആശ്വസിപ്പിക്കലായിരുന്നു ഞങ്ങള്‍ അവിടെ കണ്ടത്. ജയന്തിചേച്ചിയെപ്പോലുള്ളവര്
ചിലരെ വിരട്ടിയെങ്കിലും മറ്റ് പ്രശ്നങ്ങള്‍ ഉണ്ടായില്ല.
ഒരേ ഫ്ളോറിലായിരുന്നു പ്രീ ഡിഗ്രിക്കാര്‍ താമസിച്ചിരുന്നത്. പെണ്‍ഹോസ്റ്റലിലെ ചേച്ചിമാരുടെ
അമിത സ്നേഹത്തെക്കുറിച്ച് എന്റെ സുഹൃത്തുക്കള്‍
നേരത്തെ പറഞ്ഞിട്ടുള്ളതിനാല്‍ ആരുമായും
അധികം അടുക്കാന്‍ നോക്കിയില്ല.
സത്യം പറഞ്ഞാല്‍ പേടിയായിരുന്നു.
പിന്നെ പതുക്കെപ്പതുക്കെ എല്ലാവരുമായും കൂട്ടായി..
ഇവിടെ അത്തരം അപകടങ്ങളില്ല എന്നുഞാന്‍ തിരിച്ചറിഞ്ഞു.
എന്റെ നാക്ക് ഇപ്പോഴത്തെപ്പോലെ അപ്പോഴും ഉഷാറായിരുന്നു
എന്നതും സത്യം!!
അങ്ങനെയാണ് ആദ്യ ദിവസം എന്നെ എതിരേറ്റ
സുന്ദരിചേച്ചിയുമായി ഞാന്‍ കൂട്ടുകൂടുന്നത്.
പേര് ടിജി.
പ്രീഡിഗ്രി ഫസ്റ്റ് ഗ്രൂപ്പാണ് വിഷയം.
എപ്പോ നോക്കിയാലും വാര്‍ഡനുമായി തല്ലാണ്.
ആള് ഇത്തിരി ഓവര്‍ സ്മാര്‍ട്ടാണെന്നാണ് പൊതുവെ സംസാരം.
എങ്കിലും കുറച്ചുദിവസത്തിനകം ഞാനറിഞ്ഞു,
ചാടിക്കളിക്കുന്ന മനസ്സിനുള്ളില്‍ ഒരു പാവം കുട്ടിയുണ്ടെന്ന്...
പാറോപ്പള്ളിയിലെ പെരുന്നാളിന്
വലിയ ബലൂണുകള്‍ വാങ്ങിത്തന്നും
ക്രിസ്തുമസിനും പുതുവത്സരത്തിനും
വലിയ വലിയ കാര്‍ഡുകള്‍ പരസ്പരം സമ്മാനിച്ചും
ആ സൗഹൃദം വളര്‍ന്നു.
ഒരു വര്‍ഷം എങ്ങനെയോ കടന്നുപോയി.
പ്രീഡിഗ്രി കഴിഞ്ഞു പിരിയാന്‍ എല്ലാര്ക്കും മടിയായിരുന്നു.
എന്‍ട്രന്‍സ് പരീക്ഷ എഴുതില്ലെന്നും
ഹോം സയന്‍സ് ഡിഗ്രിയെടുക്കാന്‍ മടങ്ങിവരുമെന്നും
ടിജി ചേച്ചി എന്നോട് പറഞ്ഞിരുന്നു.
അതിനാല്‍ ചേച്ചി പോയപ്പോള്‍ അത്ര വിഷമം തോന്നിയില്ല.
ഞാന്‍ രണ്ടാം വര്‍ഷത്തിലെത്തി.
ചേച്ചി ഇടയ്ക്കിടെ കോളേജില്‍ വരും,
പിന്നെ ഹോസ്റ്റലിലേയ്ക്ക് ഫോണ്‍ ചെയ്യും.
അങ്ങനെ കുറെക്കാലം ഞങ്ങള്‍ ആ ചരട് പൊട്ടാതെ സൂക്ഷിച്ചു.
ഇടയ്ക്ക് രണ്ടുമാസം ഞങ്ങള്‍ തമ്മില്‍ കണ്ടില്ല, വിളിച്ചില്ല.
പെട്ടന്നൊരുദിവസം ചേച്ചിയുടെ
വിവാഹവാര്‍ത്തയാണ് ഞാന്‍ അറിഞ്ഞത്.
എല്ലാം രണ്ടാഴ്ചയ്ക്കുള്ളിലായിരുന്നു.
ആര്‍ക്കും ആദ്യം വിശ്വസിക്കാനായില്ല.
ഇത്രയും സ്മാര്‍ട്ടായി നടന്ന കുട്ടി..
18 വയസ്സ് ആയതേയുള്ളു..പെട്ടന്നെങ്ങനെ???
ഞാന്‍ ചോദിച്ചില്ല!
ദിവസങ്ങള്‍ക്കുശേഷം ഡിഗ്രിയ്ക്ക്് ക്ലാസ് തുടങ്ങിയപ്പോള്‍
എന്നോട് പറഞ്ഞ വാക്കുപോലെത്തന്നെ ടിജി ചേച്ചി വന്നു.
ഹോം സയന്‍സില്‍ വിദ്യാര്‍ഥിനിയായി. ആള് നന്നായി മാറിയിരുന്നു.
പഴയ പ്രസരിപ്പും ചുറുചുറുക്കും പോയപോലെ..
പ്രിന്‍സിപ്പല്‍ സിസ്റ്ററിനെ ചൂടുപിടിപ്പിക്കുന്ന
മുട്ടിനൊപ്പം നില്ക്കുന്ന മിഡിയോ ഫ്രോക്കോ ചേച്ചി പിന്നെ ഇട്ടുകണ്ടില്ല.
അന്ന് എന്നോട് കുറെ സംസാരിച്ചു..
കുറെ കാര്യങ്ങള്‍ പറഞ്ഞു..
വീണ്ടും സൗഹൃദം പച്ച പിടിപ്പിച്ചു.
പ്രീ ഡിഗ്രി കഴിഞ്ഞ് ഞാന്‍ തിരിച്ച് കോഴിക്കോടെത്തി.
ഡിഗ്രിയും പി.ജി.യും കഴിഞ്ഞു.
അതിനിടയിലെവിടെയോ ആ സൗഹൃദച്ചരടിന്റെ കണ്ണി ദ്രവിച്ചുപോയി. പലരും പറഞ്ഞ അറിവിലൂടെ പിന്നീട് ചേച്ചിയെ ഞാന്‍ അറിഞ്ഞു.
14 വര്‍ഷങ്ങള്‍ക്കുശേഷം ആറുമാസം മുമ്പ്
അവിചാരിതമായി മറ്റൊരു ഹോസ്റ്റല്‍ മേറ്റിനെ ഞാന്‍ കണ്ടു.
അവര്‍ എനിക്ക് ചേച്ചിയുടെ പുതിയ നമ്പര്‍ തന്നു.
ആവേശമായിരുന്നു അന്ന്.
ഫോണ്‍ വിളിച്ച് ചേച്ചി സംസാരിക്കാന്‍ തുടങ്ങിയപ്പോള്‍ മനസ്സിലായി സൗഹൃദം എന്നത് ഒരിക്കലും വറ്റാത്ത ഒന്നാണെന്ന്.
ഇക്കാലത്തിനിടയില്‍ എന്തേ വിളിയക്കാഞ്ഞതെന്ന് പരസ്പരം ചോദിച്ചില്ല..
കാലം രണ്ടുപേരിലും ഏറെ മാറ്റങ്ങള്‍ വരുത്തിയിരുന്നു.
എനിയ്ക്ക് ഒരുമോനും ചേച്ചിയ്ക്ക് രണ്ട് കുട്ടികളും കൂട്ടിനെത്തിയിരുന്നു. എങ്കിലും ആ സൗഹൃദം അതുമാത്രം വറ്റാതെ നിന്നു.
ഇന്നലെ പത്രത്താളില്‍
ചിരിച്ചുകൊണ്ടിരിക്കുന്ന
എന്റെ ടിജി ചേച്ചിയുടെ ഫോട്ടോയ്ക്കുമുകളില്
കൊടുത്ത വാചകം. അതാണ് എന്നെ തരിപ്പിച്ചു കളഞ്ഞത്. 'ലോറിയ്ക്കുപിന്നില് കാറിടിച്ച് യുവതി മരിച്ചു' .
ഞെട്ടിത്തെറിച്ചുപോയീ ഞാന്‍..
ഒരുവേള അതെന്റെ ടിജി ചേചച്ചിയാവില്ല എന്നു വ്യാമോഹിച്ചു..
ഇല്ല..ഒരു വിശ്വാസവും എന്റെ കൂട്ടിനുവന്നില്ല...
അപ്പോള്‍ത്തന്നെ ഫോണെടുത്ത് ഞാന്‍ സിബിയെ വിളിച്ചു...
''എടീ..ഞാനാ...ഒരുകാര്യം ചോദിക്കാനുണ്ട്??''
''ടാ...ടിജീടെ കാര്യാണോടാ...
എനിക്കിപ്പോള്‍ സ്മിതയുടെ മെസേജ് വന്നു
Tigi is no more എന്ന്...''.
അവള് വാക്കുകള്‍ക്കായി പരതുന്നു.
അവള്‍ക്ക് എന്നെ അറിയാം..ടിജിചേച്ചിയെയും...
എന്റെ ടിജി ചേച്ചി ഇന്ന് ഇവിടെ, ഈ ലോകത്തില്ല..
എന്തൊക്കെയോ സ്വപ്നങ്ങള്‍ ബാക്കിയാക്കി അവള് പോയി..
എന്റെ മനസ്സില്‍ നോവിന്റെ ഏടുകള്‍ ബാക്കിവെച്ച്...അകലേയ്ക്ക്.....
നിറയുന്ന കണ്ണുനീരില്‍...
ചുവന്ന ഈറന്‍ റോസാപുഷ്പം ഞാന്‍ സമര്‍പ്പിക്കുന്നു...
ആ നല്ല ഓര്മകള്ക്കുമുമ്പില് കുമ്പിടുന്നു...