Thursday, July 16, 2009

ഈ പാപം എവിടെയൊഴുക്കും കര്‍ത്താവേ.........!!!!

ഹോസ്‌റ്റലിനുള്ളിലെ ചാപ്പലില്‍ (അള്‍ത്താരയടങ്ങുന്ന ചെറിയ പള്ളിമുറി) ഇരുന്ന്‌ അന്ന്‌ കുറെ കരഞ്ഞു. ക്രൂശിത രൂപത്തിനുമുന്നില്‍ മുട്ടുകുത്തി ഏങ്ങിയേങ്ങിയായിരുന്നു കരച്ചില്‍. പിന്നെ എഴുന്നേറ്റ്‌ ബൈബിളിനരികിലേയ്‌ക്ക്‌..കണ്ണടച്ച്‌ ഒരു പേജ്‌ തുറന്നെടുത്ത്‌ വായിച്ചു. വീണ്ടും തിരിച്ചെത്തി മുട്ടുകുത്തി.

അപ്പോഴാണ്‌ പിറകില്‍നിന്ന്‌ ഒരു കൈ തോളില്‍ പതിഞ്ഞത്‌. സാന്ത്വനത്തിന്റെ സ്‌പര്‍ശം. വാര്‍ഡന്‍ സിസ്റ്ററാണ്‌. 'കരയണ്ട മോളേ..പശ്ചാത്താപമാണ്‌ എല്ലാത്തിനും പരിഹാരം..നിന്നെ ദൈവത്തിന്‌ തീര്‍ച്ചയായും തന്റെ പ്രിയപ്പെട്ടവളായി തിരഞ്ഞെടുക്കും...ഇന്നിനി പഠിക്കേണ്ട..പോയി ദൈവത്തെ പ്രാര്‍ഥിച്ച്‌ കിടന്നോളു..''

വിതുമ്പിക്കൊണ്ട്‌ സിസ്റ്ററിനെ നോക്കി ഞാന്‍ റൂമിലേക്ക്‌ നടന്നു. ഇപ്പോ ഓര്‍ക്കുമ്പോള്‍ മറ്റൊരു രംഗം ഓര്‍മവരുന്നു. പഞ്ചാബി ഹൗസ്‌ എന്ന സിനിമയില്‍ ദിലീപിനെയും ഹരിശ്രീ അശോകനേയും പഞ്ചാബുകാര്‍ക്കിടയില്‍ ചെന്നാക്കി കരഞ്ഞുകൊണ്ട്‌ തിരിച്ചുവരുന്ന കൊച്ചിന്‍ ഹനീഫയുടെ മുഖം. ക്യാമറ മുമ്പോട്ടു തിരിക്കുമ്പോള്‍ ചിരിച്ചുമറിയുന്ന ഹനീഫയുടെ അതേ മുഖം...അതെ, അതുതന്നെയായിരുന്നു എന്റെ മുഖം..സിനിമാക്കാര്‍ കണ്ടിരുന്നെങ്കില്‍ അഭിനയത്തിനുള്ള ഓസ്‌കാര്‍ നോമിനേഷന്‍ ഉറപ്പായേനെ!!!!!!!!!!

റൂമിലെത്തി കിടക്കയിലേക്ക്‌ ചാഞ്ഞപ്പോള്‍ ശ്രീജയുടെ കമന്റ്‌..'' വെട്ടുകിളീ..വേണ്ട...അടുത്ത ഫൈന്‍ ഇപ്പോ വരും. ലൈറ്റ്‌ ഓഫിന്‌ സമയമായില്ല.''
'' വെട്ടുകിളി നിന്റെ അമ്മായിഅമ്മ...ഞാന്‍ മുന്‍കൂര്‍ ജാമ്യം വാങ്ങി..''- കഥ കേട്ട്‌ ശ്രീജയും ബബിനും സിബിയും ജീനയുമെല്ലാം അന്തംവിട്ടിരുന്നു..ഈ ചെറിയ ശരീരത്തിലുള്ള അഭിനയപ്രതിഭയെ എന്നെപ്പോലെ അവരും തിരിച്ചറിഞ്ഞിരിക്കുന്നു..ആത്മാഭിമാനത്തിന്റെ നിമിഷങ്ങള്‍..!!!!!!!!@@@@

സ്‌റ്റഡി ടൈമില്‍ ഇന്റര്‍ റൂം വിസിറ്റ്‌ പാടില്ലെന്ന ലിഖിത നിയമത്തെ കാറ്റില്‍ പറത്തിയതിനുള്ള ശിക്ഷയായിരുന്നു അത്‌. കത്തിയടിയുടെ കാര്യത്തില്‍ ഞാന്‍ അന്നും ഇന്നും മുമ്പിലായിരുന്നു. അത്‌ കത്തി, വടിവാള്‍, അരം പല ടൈപ്പിലുണ്ട്‌. പഠിക്കാന്‍ പറഞ്ഞാല്‍ പഠിക്കാന്‍ ഇഷ്ടമല്ല. അങ്ങനെയൊരു നല്ല ശീലം കൂടെയുണ്ടായിരുന്നു. പത്താംക്ലാസിലൊക്കെ നല്ല മാര്‍ക്ക്‌ വാങ്ങി പാസായി. പ്രീഡിഗ്രിക്കെത്തിയപ്പോ ഹോസ്‌റ്റലില്‍ സ്‌റ്റഡീ ടൈം. പിന്നെങ്ങെനെ പഠിക്കാനാ? ചേരുന്ന കുറെ കൂട്ടുകാരും.

ഞാന്‍ ആ സമയം സിസ്റ്റര്‍ കാണാതെ അപ്പുറത്തെ മുറിയില്‍ പോയി റോഷ്‌നിയുമായി കത്തിയടിച്ചു. ശബ്ദം കേട്ട്‌ സിസ്‌റ്റര്‍ വന്നുനോക്കി. ആരെയും കാണാനില്ല. (ഞാന്‍ വാതിലിന്റെ പിറകില്‍ നില്‍ക്കുകയായിരുന്നല്ലോ!) സിസ്‌റ്റര്‍ തിരിച്ചുപോയപ്പോള്‍ ഞാന്‍ മെല്ലെ പുറത്തിറങ്ങി. അപ്പോ പുറകില്‍നിന്നൊരു വിളി.
അയ്യോ..പിടിച്ചു..മനസ്സില്‍ പറഞ്ഞു ചമ്മിയ ചിരിയോടെ തിരിഞ്ഞുനോക്കി..പിന്നെ ഉപദേശത്തിന്റെ പൊടിപൂരം. മറ്റേ റൂമില്‍ പോയതിനല്ല. ഒളിച്ചുനിന്ന്‌ കള്ളം ചെയ്‌തതിന്‌.. എന്തായാലും എല്ലാവരും കേട്ടു..ചളിപ്പായി എന്നുപറഞ്ഞാല്‍ മതിയല്ലോ..അതിനുപുറമെ 5 രൂപ ഫൈനും കിട്ടി. സന്തോഷമായി..

തിരിച്ച്‌ റൂമിലെത്തി. ഇനി അടുത്ത സ്റ്റെപ്പ്‌ എന്താവണമെന്ന്‌ ആലോചിച്ചപ്പോഴാണ്‌ ചാപ്പല്‍ മനസ്സില്‍ തെളിഞ്ഞത്‌. (ഈ കര്‍ത്താവിന്റെ ഒരു കാര്യമേ...തോന്നേണ്ടത്‌ തോന്നേണ്ട സമയത്തുതന്നെ തോന്നിക്കും..കര്‍ത്താവിന്‌ സ്‌തുതി!). പിന്നെ നാടകത്തിന്റെ അരങ്ങേറ്റമായിരുന്നു. ആഹാ..അഭിനയം തിമര്‍ത്തു. സിസ്റ്ററിന്റെ വീക്ക്‌ പോയിന്റ്‌ പ്രാര്‍ഥനയാണെന്ന്‌ എനിക്കറിയാമായിരുന്നു. എന്നാല്‍ ഞാന്‍ പോലും ഇത്രേം പ്രതീക്ഷിച്ചില്ല!!!!!!

കക്കാന്‍ പഠിച്ചാല്‍ നിക്കാന്‍ പഠിക്കണമെന്ന പാഠം ഞാനന്ന്‌ പഠിച്ചു. പിന്നെ കക്കലും നിക്കലും ശീലമാക്കി. ഇതൊന്നുമറിയാതെ, കര്‍ത്താവിന്റെ മണവാട്ടിയാകാന്‍ നീ യോഗ്യയാണെന്നുവരെ ഒരിക്കല്‍ ആ പാവം സിസ്റ്റര്‍ എന്നോടുപറഞ്ഞു. (അതറിഞ്ഞ്‌ സിബി ഉവാച: .''എന്റെ കര്‍ത്താവേ..അപ്പോ ആ മഠത്തിന്റെ മതില്‍ കിലോമീറ്ററോളം ഉയര്‍ത്തിക്കെട്ടേണ്ടി വരും..ഇവള്‍ പോള്‍വാള്‍ട്ട്‌ ചെയ്‌തെങ്കിലും ചാടും..അതുറപ്പാ...പാവം കര്‍ത്താവ്‌..ഇതുവല്ലോം അറിയുന്നുണ്ടോ ആവോ..??'')

വര്‍ഷങ്ങള്‍ക്കുശേഷം ഇന്നലെ കോളേജിന്റെ വെബ്‌സൈറ്റിലൂടെ കടന്നുപോയപ്പോള്‍ പ്രായം ചെന്ന ഞങ്ങളുടെ അന്നത്തെ വാര്‍ഡന്‍ ഒരു പരിപാടി ഉദ്‌ഘാടനം ചെയ്യുന്ന പടം കണ്ടു. ചിന്തകള്‍ ഫ്‌ളാഷ്‌ ബാക്കടിച്ചത്‌ പെട്ടന്നായിരുന്നു. ഓര്‍ത്തോര്‍ത്ത്‌ ചിരിക്കാന്‍ ഇങ്ങനെയെത്രയെത്ര സംഭവങ്ങള്‍ ?????!!!!!