Wednesday, August 5, 2009

എന്തിന്നധീരത!!!!!!!!!!

തയ്യാറാകണമിപ്പോള്‍ത്തന്നെ
ആജ്ഞാ ശക്തിയായ്‌ മാറീടാം...
അപ്പുറത്തെ ക്യാബിനില്‍ ഇരിക്കുന്ന സുഭാഷ്‌ ചന്ദ്രന്‍ മൂളുന്നു. പെട്ടന്ന മനസ്സില്‍ ആ പാട്ട്‌ കടന്നെത്തി.
എന്തിന്നധീരത
ഇപ്പോള്‍ തുടങ്ങുവിന്‍
എല്ലാം നമ്മള്‍ പഠിക്കേണം
തയ്യാറാകണമിപ്പോള്‍ത്തന്നെ
ആജ്ഞാശക്തിയായ്‌ മാറീടാം!!!
എവിടെനിന്നാ ഞാന്‍ ആ പാട്ട്‌ കേട്ടത്‌? ആലോചിച്ചപ്പോള്‍ ഫറൂഖ്‌ കോളേജില്‍ പണ്ടുണ്ടായിരുന്ന അന്ധവിദ്യാലയവും അതിനോടുചേര്‍ന്ന ഗ്രൗണ്ടുമാണ്‌ ഓര്‍മയില്‍വന്നത്‌. (ഇന്ന്‌ അവിടെ അല്‍ഫാറൂഖ്‌ റസിഡന്‍ഷ്യല്‍ സ്‌കൂളിന്റെ കെട്ടിടമാണ്‌). നാലോ അഞ്ചോ വയസ്സുകാണും അന്നെനിക്ക്‌. സന്ധ്യ കഴിഞ്ഞ്‌ അച്ഛനും അമ്മയും ഞാനും ചേട്ടനും ശാരിചേച്ചിയും കൂടി (അമ്മേടെ അനിയത്തിയെ ഞാന്‍ ചേച്ചീന്നാണ്‌ വിളിക്കുന്നത്‌) അവിടത്തെ ഗ്രൗണ്ടിലെത്തി. ആളുകള്‍ നിറയെ എത്തിത്തുടങ്ങിയിരുന്നു. സ്‌റ്റേജും ലൈറ്റുമെല്ലാം റെഡി. പിന്നെ എന്തൊക്കെയോ കലാപരിപാടികള്‍.
പരിപാടി കഴിഞ്ഞ്‌ ഞങ്ങള്‍ തിരിച്ചുപോന്നു. അപ്പോള്‍ ചേട്ടന്‍ പാടാന്‍ തുടങ്ങി..
എന്തിന്നധീരത
ഇപ്പോള്‍ തുടങ്ങുവിന്‍
എല്ലാം നമ്മള്‍ പഠിക്കേണം
തയ്യാറാകണമിപ്പോള്‍ത്തന്നെ
ആജ്ഞാശക്തിയായ്‌ മാറീടാം!!!
എന്തോ അപ്പോള്‍ ഞാനും കൂടെപ്പാടി..
പിന്നീട്‌ ഞാന്‍ ഈ പാട്ട്‌ കേട്ടിട്ടേയില്ല. അതെക്കുറിച്ച്‌ ചിന്തിച്ചിട്ടേയില്ല. ഇപ്പോള്‍ വര്‍ഷമെത്ര കഴിഞ്ഞു. 25 വര്‍ഷത്തിനുശേഷം സുഭാഷേട്ടന്റെ നാവില്‍നിന്നും വന്ന ആ വരികള്‍ ഞാന്‍ പൂരിപ്പിച്ചപ്പോള്‍ എനിക്കുതന്നെ അത്ഭുതമാവുന്നു. ഞാനിതെങ്ങനെ ഓര്‍ത്തുവെച്ചു?
ശാസ്‌ത്ര സാഹിത്യ പരിഷത്തിന്റെ കലാജാഥയില്‍ മുഴങ്ങിയ ഗാനമായിരുന്നു അതെന്ന്‌ അന്ന്‌ സ്‌കൂള്‍ വിദ്യാര്‍ഥിയായിരുന്ന സുഭാഷേട്ടന്‍ പറഞ്ഞു. എന്നേക്കാള്‍ നന്നായി അദ്ദേഹമത്‌ ഓര്‍മിക്കുന്നു. എന്താണെന്നറിയില്ല, പെട്ടന്ന്‌ നാക്കില്‍ വന്നതാണെന്നും കൂടി സുഭാഷേട്ടന്‍ പറഞ്ഞപ്പോ ഞാനും ഇതൊക്കെ ഓര്‍ത്തുപോയി.
എന്ത്‌ അര്‍ഥമുള്ള വരികള്‍..അന്ന്‌ ഇതിനെല്ലാം മുന്‍കൈയെടുത്ത തലമുറ ഇന്നത്തെ അവസ്ഥകാണുമ്പോള്‍ എന്താണ്‌ ചിന്തിക്കുന്നതെന്നറിയില്ല. ആ സംഘടനയ്‌ക്കു തന്നെ രൂപമാറ്റം സംഭവിച്ചുകഴിഞ്ഞു. ഇറക്കങ്ങളും കയറ്റങ്ങളും സ്ഥാനചലനങ്ങളും അധികാരവും പിരിഞ്ഞുപോവലും കണ്ടു. പിന്നീടുള്ള കലാജാഥകളില്‍ പലതും ഓര്‍മ്മ നന്നായി ഉറച്ചശേഷം കണ്ടിട്ടുണ്ടെങ്കിലും അവയിലെ വരികളൊന്നും ഇത്ര നന്നായി തലയില്‍ തറച്ചുകയറിയിട്ടില്ല..
സുഭാഷേട്ടന്‌ നന്ദി..ഓര്‍മകള്‍ ഉണര്‍ത്തിയതിന്‌...പഴയ കാലത്തേക്ക്‌ കൂട്ടിക്കൊണ്ടുപോയതിന്‌..കല്യാണം കഴിഞ്ഞ്‌ അമ്മയായി മാറിയ എന്റെയും ഫോണിലൂടെയും ഇന്റര്‍നെറ്റിലൂടെയും അടുത്തുകാണുന്ന എന്റെ ചേട്ടന്റെയും കുട്ടിക്കാലത്തെ ഈ സംഭവം ഓര്‍മിപ്പിച്ചതിന്‌.. ഇനി ഇന്നോ നാളെയോ ചേട്ടന്‍ വിളിക്കുമ്പോള്‍ പാടിക്കൊടുക്കണം..ചോദിക്കണം ഓര്‍മയുണ്ടോ ഈ പാട്ടെന്ന്‌....
എന്തിന്നധീരത
ഇപ്പോള്‍ തുടങ്ങുവിന്‍
എല്ലാം നമ്മള്‍ പഠിക്കേണം
തയ്യാറാകണമിപ്പോള്‍ത്തന്നെ
ആജ്ഞാശക്തിയായ്‌ മാറീടാം!!!