ഇന്നലെ എന്റെ കുഞ്ഞുമോന്‍ ഹരിശ്രീ കുറിച്ചു..
എന്റെ ബ്ലോഗിന് പുതുജീവന്‍ നല്‍കാന്‍ ഇതിലും നല്ലൊരു ദിനമില്ലെന്നുതോന്നുന്നു.
മൂകാംബികയിലെ സരസ്വതീ മണ്ഡപത്തില്‍ മുത്തച്ഛന്‍ അവന്റെ കുഞ്ഞുവിരല്‍ പിടിച്ച് എഴുത്തിനിരുത്തി. ഭാഗ്യം...പ്രശ്‌നമൊന്നുമുണ്ടാക്കാതെ അവന്‍ ഇരുന്നുകൊടുത്തു.
അതുവരെ അവിടെ അവനുണ്ടാക്കിയ വിപ്ലവം ഓര്‍ക്കാന്‍തന്നെ വയ്യ. പാതിയുറക്കത്തില്‍ എണീപ്പിച്ച് കുളിപ്പിച്ചപ്പോള്‍ തുടങ്ങിയ പ്രതിഷേധമാണ് ശ്രീകോവിലിനകത്ത് അവന്‍ കരഞ്ഞുതീര്‍ത്തത്. സരസ്വതീ മണ്ഡപത്തിലെത്തി എന്റെ മടിയില്‍ ഇരുന്നപ്പോഴേ അവന്‍ ഉറങ്ങിപ്പോയി. പിന്നെ ചാടിയെണീറ്റത് മണിമുഴക്കം കേട്ടാണ്. അതോടെ മോന്‍ ഉഷാറായി. പിന്നെ അച്ഛന്റെ മടിയിലിരുന്നു. മുത്തച്ഛന്‍ ആദ്യാക്ഷരി കുറിച്ചു. തന്ത്രികള്‍ നാക്കില്‍ എഴുതിക്കൊടുത്തു.
കുടജാദ്രിയില്‍ .....
ഇതിനുമുമ്പും ഞാന്‍ മൂകാംബിക സന്നിധിയില്‍ പോയിട്ടുണ്ട്. ഏത് അമ്പലത്തില്‍ പോയാലും ശ്രീകോവിലിനു പുറത്ത് ചുറ്റിപ്പറ്റി നില്‍ക്കുന്ന സ്വഭാവമാണ് എന്റേത് . അച്ഛന്റെ സ്വഭാവം പകര്‍ന്നുകിട്ടിയതാവാം..
പക്ഷെ മൂകാംബികയില്‍ എന്തോ...വീണ്ടും വീണ്ടും ശ്രീകോവിലിനുള്ളില്‍ കയറാന്‍ തോന്നുന്ന പ്രതീതിയാണ്. കലയ്‌ക്കും എഴുത്തിനുമായി പ്രത്യേകം ദേവി.. ഈ സുഖം മറ്റെവിടെയും കിട്ടില്ല.
അമ്പലത്തില്‍പോയിട്ടുണ്ടെങ്കിലും കുടജാദ്രി മനസ്സില്‍ സങ്കല്‍പ്പമായിത്തന്നെ നിലനിന്നിരുന്നു. മോനെ എഴുത്തിനിരുത്തിയ ശേഷം സര്‍വജ്ഞപീഠം കയറാന്‍ തന്നെ ഞങ്ങള്‍ തീരുമാനിച്ചു. കുടജാദ്രി വരെ ജീപ്പില്‍..യാത്ര കഠിനം തന്നെ..എങ്കിലും തീര്‍ത്തും ആസ്വദിച്ചു.
വളഞ്ഞുപുളഞ്ഞ റോഡുകളും കുഴികളും കല്ലുകളുമുള്ള മനോഹരമായ കാനന വഴികളും..ഒടുവില്‍ കുടജാദ്രിയിലെത്തി. മല കയറ്റം തുടങ്ങി കുറച്ചുദൂരം കഴിഞ്ഞപ്പോള്‍ എത്താറായോ എന്ന് മനസ്സില്‍ ചോദിക്കാതിരുന്നില്ല. എങ്കിലും കോടമഞ്ഞ് അതിരുകെട്ടിയ വഴിയിലൂടെ മുകളിലേക്കുള്ള നടത്തം ശരിക്കും ഇഷ്ടപ്പെട്ടു. ഇടയ്‌ക്ക് ക്ഷീണം തീര്‍ക്കാന്‍ നാരങ്ങാവെള്ളവും കക്കരിക്കയും.
ചെങ്കുത്തായ വഴിയിലൂടെ മുകളിലേക്ക് കയറി. ശരിക്കും സമയമെടുത്ത് നടന്നാല്‍ കുറെക്കൂടി ആസ്വദിക്കാനാവും. ജീപ്പിന്റെ ഡ്രൈവര്‍ തന്ന ഒരു മണിക്കൂര്‍ സമയം മനസ്സിലുണ്ടായിരുന്നു. അത് ആസ്വാദനത്തിന്റെ താളത്തിന് ചെറിയ ഭംഗം വരുത്തിയിരുന്നു എന്നത് തീര്‍ച്ച. മുകളിലെത്തിയപ്പോഴേക്കും നന്നായി ക്ഷീണിച്ചു.
അഞ്ചേ അഞ്ചു മിനിട്ട്...അവിടെ പാറമേല്‍ ഇരുന്നപ്പോള്‍ എങ്ങനെയെന്നറിയില്ല..ക്ഷീണം പമ്പകടന്നു. എന്തൊരു സുഖം. പ്രതിഷ്‌ഠ തൊഴുത് കല്‍ക്കണ്ട പ്രസാദവും വാങ്ങി. ഒരു ഗ്ലാസ് മോരുവെള്ളവും കുടിച്ചു. ഉന്മേഷം ഇരട്ടിയായെന്ന് പറയാതിരിക്കാന്‍ വയ്യ. പ്രകൃതി കനിഞ്ഞനുഗ്രഹിച്ച ഇടം. അതിമനോഹരം ആ കാഴ്‌ച.
കുറച്ചുനേരം അവിടെനിന്നശേഷം വീണ്ടും താഴേക്കിറങ്ങി. കുടജാദ്രിയിലെ ക്ഷേത്രക്കുളത്തിലേക്ക് ഒലിച്ചിറങ്ങുന്ന വെള്ളത്തില്‍ മുഖവും കാലും കഴുകി. ക്ഷേത്രത്തില്‍ തൊഴുതു.
വീണ്ടും തിരിച്ച് മൂകാംബികയുടെ സന്നിധിയിലേക്ക്..,ഇനിയും പോവണമെന്ന് മനസ്സുകൊതിക്കുന്ന യാത്ര..
ഒരുപാട്, ഒരുപാടിഷ്ടമായി ഈ യാത്ര...
1 comment:
ഓരോ കുടജാദ്രിയാത്രയും മറക്കാനാവാത്തതുതന്നെ. ഏതൊക്കെയോ തരത്തില്‍ പ്രകൃതിയോട് വല്ലാതെയടുത്തുനില്‍ക്കുന്ന അനുഭവം നല്‍കിയിട്ടുണ്ട് ഓരോ യാത്രയും.
പോസ്റ്റിന് നന്ദി. നെടുവരമ്പിന്റെ ഈ പോസ്ററ് കണ്ടിരുന്നോ?
http://kknte.blogspot.com/2009/03/blog-post_21.html
Post a Comment