Sunday, June 21, 2009

എന്നാലും എന്റെ നാവേ...............

കുറെ വര്‍ഷങ്ങള്‍ക്ക്‌ ശേഷം
യു.കെ.കുമാരന്‍ സാറിനെ കണ്ടത്‌
കഴിഞ്ഞ ദിവസമാണ്‌.
ഓഫീസില്‍ വന്നപ്പോള്‍...
സാറ്‌ മറക്കാനിടയില്ല...
എങ്കിലും ഞാന്‍ പോയി ചോദിച്ചുമില്ല....
ഇനി ഓഫീസില്‍ കൂടി അറിയിക്കണ്ടല്ലോന്നുതോന്നി!!!

1998 ലെ ഒരു ദിനം.
വെറും ദിനമല്ല, കോളേജ്‌ മാഗസിന്റെ
പ്രവര്‍ത്തനോദ്‌ഘാടന ദിനം എന്നുതന്നെ പറയണം.
ഇതള്‍ എന്ന മനോഹരമായ പേര്‌
മാഗസിന്‌ നല്‍കാന്‍ അതിനകം തീരുമാനമായി.
എഡിറ്ററായ മിലന്‍ പൂഞ്ചോലയുടെ പ്രവര്‍ത്തനങ്ങള്‍ക്ക്‌
ശക്തമായ പിന്തുണയുമായി
ഞങ്ങള്‍ കുറച്ച്‌ എഡിറ്റോറിയല്‍ അംഗങ്ങളും
മറ്റ്‌ സുഹൃത്തുക്കളും.
ഉദ്‌ഘാടനം ചെയ്യുന്നത്‌ സാഹിത്യകാരനായ
യു.കെ.കുമാരന്‍.
അദ്ദേഹം അന്ന്‌ കേരള കൗമുദിയില്‍ ആയിരുന്നു.
വായിച്ചിട്ടുണ്ടെങ്കിലും ആദ്യമായാണ്‌
നേരില്‍ കാണാന്‍ പോകുന്നത്‌.
അങ്ങനെ പരിപാടി തുടങ്ങാറായി.

പെട്ടന്നാണ്‌ യാസിര്‍ പറഞ്ഞത്‌.
നന്ദി പ്രസംഗം നീ ചെയ്യണം.
ഓ കെ, കിട്ടിയ അവസരം പാഴേക്കണ്ട
എന്നുതന്നെ കരുതി. കേറി സമ്മതിച്ചു.

അങ്ങനെ പ്രസംഗങ്ങളും ആശംസയും
ഒന്നാന്നായി കഴിഞ്ഞു.
ചടങ്ങുകളെല്ലാം ഭംഗിയായി.
ഇനി എന്റെ ഊഴം...

പേടി എന്ന വികാരം എന്റെയുള്ളില്‍
പണ്ടേ ഇല്ലാത്തതുകൊണ്ടാവാം
കൂളായി എഴുന്നേറ്റ്‌ സ്റ്റേജില്‍ കയറി.
അധ്യാപകരും വിദ്യാര്‍ഥികളുമെല്ലാം നോക്കുന്നുണ്ട്‌.
ജാഡ തീരെ കുറച്ചില്ല. നന്ദി പ്രസംഗം തുടങ്ങി.

ബഹുമാനപ്പെട്ട മുഖ്യാതിഥി
ശ്രീ യു.കെ. കുരാമ.....
മുഴുമിപ്പിച്ചില്ല..
നാക്കിലെ സരസ്വതീ വിളയാട്ടം പെട്ടന്ന്‌ തിരിച്ചറിഞ്ഞു.
സദസ്സിലാകെ ചിരി പടര്‍ന്നത്‌ കേട്ടില്ലെന്ന്‌ നടിച്ചെങ്കിലും
പിന്നീട്‌ വന്ന വാചകങ്ങളില്‍
ചളിപ്പിന്റെ സ്വരം കലര്‍ന്നിരുന്നു.

അതുവരെ ചളിപ്പ്‌ എന്ന വികാരം എന്താണെന്ന്‌
അറിയാതിരുന്ന ഞാന്‍ ശരിക്കും ചമ്മി...
നാണം കെട്ടു എന്നു പറയുന്നതാണ്‌ ശരി...
ഇതിനൊക്കെ കാരണക്കാരി അവള്‍ ഒരുത്തിയാ..
പ്രിയ സുഹൃത്ത്‌ രാജി എന്ന രാജലക്ഷ്‌മി..
കൊല്ലും നിന്നെ ഞാന്‍!!!!!!!!

അത്യാവശ്യം വലുപ്പമുള്ള എന്റെ കണ്ണുകള്‍
അവള്‍ക്കുനേരെ പറഞ്ഞത്‌ അവള്‍ കൃത്യമായി
മനസ്സിലാക്കി. മുമ്പിലിരിക്കുന്ന കുട്ടിയുടെ മറവിലേയ്‌ക്ക്‌ അവള്‍ ഊളിയിടുന്നത്‌ ഞാന്‍ സ്റ്റേജില്‍ നിന്ന്‌
കൃത്യമായി കണ്ടു.
'ദുഷ്ടേ...' ഞാന്‍ മനസ്സില്‍ വിളിച്ചു.

കാര്യമെന്തന്നല്ലേ?
സ്റ്റേജില്‍ കയറാനായി ഞാന്‍ എണീറ്റപ്പോള്‍
അവളുടെ വക ഒരു ഉപദേശമുണ്ടായിരുന്നു.
' വലിയ സ്റ്റൈലാക്കി അവിടെ പോയിട്ട്‌
ഇനി കുമാരന്‍ എന്നത്‌ കുരാമന്‍ എന്നൊന്നും
പറയണ്ടാട്ടോ..' എന്ന്‌..
അവളെ അപ്പോള്‍ ദുഷ്ടേന്ന്‌ വിളിക്കുന്നതില്‍ തെറ്റുണ്ടോ?
നിങ്ങള്‍ തന്നെ പറ..

പിറ്റേന്ന്‌ കോളേജില്‍ പോവാന്‍ ഒരു മടി..
പിന്നെ പോയില്ലെങ്കില്‍ അതിലും വലിയ നാണക്കേട്‌ ഉറപ്പായതുകൊണ്ട്‌ രണ്ടും കല്‍പിച്ച്‌ പോയി...
വഴിയില്‍ സച്ചുവേട്ടന്റെ മെഡിക്കല്‍ ഷാപ്പിനു
മുന്നില്‍ എത്തിയതേയുള്ളു
രാജാ ഗേയ്‌റ്റിന്റെ മുന്നില്‍നിന്നുള്ള വിളി
ചിലങ്ക ഫാന്‍സിയും ഹോസ്‌റ്റലിന്റെ ഗേറ്റും കടന്ന്‌
എന്റെ ചെവിയില്‍ പതിഞ്ഞു..
മോളേ....കുരാമാ.....നീ വന്നോ......................

ആദ്യം മൈന്‍ഡ്‌ ചെയ്‌തില്ല...
അപ്പോള്‍ വിളിയുടെ ശക്തി കൂടി..

അഞ്‌ജനാ കുരാമാ.......................

അയ്യോ...അറിയാതെ വിളിച്ചുപോയി..
ജനിച്ചുവളര്‍ന്ന നാടാണ്‌...
നാട്ടുകാര്‍ പോരാഞ്ഞ്‌ ഓരോ പുല്ലിനും കല്ലിനും വരെ എന്നെ അറിയാം...
അതിനിടയിലാ..ഈ വിളി..

എങ്ങനെയോ ഗൈറ്റ്‌ വരെ എത്തിയതോര്‍മ്മയുണ്ട്‌..
ഭീഷണയുടെ നോട്ടമെറിഞ്ഞ്‌ ഞാന്‍ അവന്‍മാരെ നോക്കി..
എല്ലാം എന്റെ നല്ല സുഹൃത്തുക്കള്‍ തന്നെ..
എന്തു ചെയ്യാന്‍ യോഗം....

ഇപ്പോഴും എന്നെ ചമ്മിക്കാന്‍ അവരെല്ലാം
ഇടയ്‌ക്ക്‌ വിളിക്കും..
'കുരാമാ'ന്ന്‌....

ഓര്‍ത്തോര്‍ത്ത്‌ ചിരിക്കാന്‍ അങ്ങനെ എന്തെല്ലാം????

6 comments:

അരുണ്‍ കരിമുട്ടം said...

അന്യന്‍ സിനിമയിലെ പാട്ട് ഓര്‍മ്മ വരുന്നു..
കുരാമീ..

സോറി

കുമാരീ..
എന്‍ പാട്ട് കേട്ട്..

ഹി..ഹി..ഹി

ശ്രീ said...

ഹ ഹ. സംഭവം കൊള്ളാം. ചില സംഭവങ്ങള്‍ ഇങ്ങനെ എത്ര കാലം കഴിഞ്ഞാലും ഓര്‍മ്മയില്‍ കിടക്കും അല്ലേ?
:)

ചേച്ചിപ്പെണ്ണ്‍ said...

രാജി യെ ദുഷ്ടേ എന്ന് വിളിച്ചത് ശരിയായില്ല ...
പുള്ളിക്കാരീടെ സിക്സ്ത് സെന്സിനെ നമിക്കേണ്ടത് ആയിരുന്നു !

ചേച്ചിപ്പെണ്ണ്‍ said...
This comment has been removed by the author.
VEERU said...

ennaalum koottukaari munpe paranju pedippichirunna sthithikku kooduthal sradha aavamaayirunnille...?? enthaayaalum ithokke alle mashe..(teachare..) jeevitham !! ingane orkkan enthenkilum thamaasha illenkil enthonnu rasam??

കാലചക്രം said...

അരുണേ..ചതിക്കല്ലേ..
ഒരാള്‍ വിളിച്ചുതുടങ്ങിയാ പിന്നെ എല്ലാരും കൂടി..
ഈ ഇരട്ടപ്പേരുകള്‍ കൊണ്ട്‌ ഞാന്‍ തോറ്റു
ഒന്നൊന്നുമല്ല..കിടക്കുകയല്ലേ നിരന്നുനിരന്ന്‌..

നന്ദി ശ്രീ..ഓര്‍മകള്‍ക്കെന്നും നല്ല മധുരം തന്നെ..

എന്റെ ചേച്ചിപ്പെണ്ണേ..
അവളെ ദുഷ്ടേന്നല്ല വിളിക്കേണ്ടത്‌...
ഓ..ആ നിമിഷത്തെ ചളിപ്പ്‌ ഇപ്പോഴും ഓര്‍ക്കാന്‍ വയ്യ..

വീരു...
സത്യം തന്നെ മാഷേ????

കമന്റിട്ട എല്ലാര്‍ക്കും നന്ദി.