തയ്യാറാകണമിപ്പോള്‍ത്തന്നെ
ആജ്ഞാ ശക്തിയായ് മാറീടാം...
അപ്പുറത്തെ ക്യാബിനില്‍ ഇരിക്കുന്ന സുഭാഷ് ചന്ദ്രന് മൂളുന്നു. പെട്ടന്ന മനസ്സില്‍ ആ പാട്ട് കടന്നെത്തി.
എന്തിന്നധീരത
ഇപ്പോള്‍ തുടങ്ങുവിന്‍
എല്ലാം നമ്മള് പഠിക്കേണം
തയ്യാറാകണമിപ്പോള്‍ത്തന്നെ
ആജ്ഞാശക്തിയായ് മാറീടാം!!!
എവിടെനിന്നാ ഞാന്‍ ആ പാട്ട് കേട്ടത്? ആലോചിച്ചപ്പോള്‍ ഫറൂഖ് കോളേജില്‍ പണ്ടുണ്ടായിരുന്ന അന്ധവിദ്യാലയവും അതിനോടുചേര്‍ന്ന ഗ്രൗണ്ടുമാണ് ഓര്മയില്വന്നത്. (ഇന്ന് അവിടെ അല്‍ഫാറൂഖ് റസിഡന്‍ഷ്യല്‍ സ്കൂളിന്റെ കെട്ടിടമാണ്). നാലോ അഞ്ചോ വയസ്സുകാണും അന്നെനിക്ക്. സന്ധ്യ കഴിഞ്ഞ് അച്ഛനും അമ്മയും ഞാനും ചേട്ടനും ശാരിചേച്ചിയും കൂടി (അമ്മേടെ അനിയത്തിയെ ഞാന്‍ ചേച്ചീന്നാണ് വിളിക്കുന്നത്) അവിടത്തെ ഗ്രൗണ്ടിലെത്തി. ആളുകള്‍ നിറയെ എത്തിത്തുടങ്ങിയിരുന്നു. സ്റ്റേജും ലൈറ്റുമെല്ലാം റെഡി. പിന്നെ എന്തൊക്കെയോ കലാപരിപാടികള്‍.
പരിപാടി കഴിഞ്ഞ് ഞങ്ങള്‍ തിരിച്ചുപോന്നു. അപ്പോള്‍ ചേട്ടന് പാടാന്‍ തുടങ്ങി..
എന്തിന്നധീരത
ഇപ്പോള്‍ തുടങ്ങുവിന്‍
എല്ലാം നമ്മള് പഠിക്കേണം
തയ്യാറാകണമിപ്പോള്‍ത്തന്നെ
ആജ്ഞാശക്തിയായ് മാറീടാം!!!
എന്തോ അപ്പോള്‍ ഞാനും കൂടെപ്പാടി..
പിന്നീട് ഞാന്‍ ഈ പാട്ട് കേട്ടിട്ടേയില്ല. അതെക്കുറിച്ച് ചിന്തിച്ചിട്ടേയില്ല. ഇപ്പോള്‍ വര്‍ഷമെത്ര കഴിഞ്ഞു. 25 വര്‍ഷത്തിനുശേഷം സുഭാഷേട്ടന്റെ നാവില്‍നിന്നും വന്ന ആ വരികള്‍ ഞാന്‍ പൂരിപ്പിച്ചപ്പോള്‍ എനിക്കുതന്നെ അത്ഭുതമാവുന്നു. ഞാനിതെങ്ങനെ ഓര്‍ത്തുവെച്ചു?
ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ കലാജാഥയില്‍ മുഴങ്ങിയ ഗാനമായിരുന്നു അതെന്ന് അന്ന് സ്കൂള്‍ വിദ്യാര്‍ഥിയായിരുന്ന സുഭാഷേട്ടന് പറഞ്ഞു. എന്നേക്കാള്‍ നന്നായി അദ്ദേഹമത് ഓര്‍മിക്കുന്നു. എന്താണെന്നറിയില്ല, പെട്ടന്ന് നാക്കില്‍ വന്നതാണെന്നും കൂടി സുഭാഷേട്ടന് പറഞ്ഞപ്പോ ഞാനും ഇതൊക്കെ ഓര്‍ത്തുപോയി.
എന്ത് അര്‍ഥമുള്ള വരികള്‍..അന്ന് ഇതിനെല്ലാം മുന്‍കൈയെടുത്ത തലമുറ ഇന്നത്തെ അവസ്ഥകാണുമ്പോള്‍ എന്താണ് ചിന്തിക്കുന്നതെന്നറിയില്ല. ആ സംഘടനയ്ക്കു തന്നെ രൂപമാറ്റം സംഭവിച്ചുകഴിഞ്ഞു. ഇറക്കങ്ങളും കയറ്റങ്ങളും സ്ഥാനചലനങ്ങളും അധികാരവും പിരിഞ്ഞുപോവലും കണ്ടു. പിന്നീടുള്ള കലാജാഥകളില്‍ പലതും ഓര്‍മ്മ നന്നായി ഉറച്ചശേഷം കണ്ടിട്ടുണ്ടെങ്കിലും അവയിലെ വരികളൊന്നും ഇത്ര നന്നായി തലയില്‍ തറച്ചുകയറിയിട്ടില്ല..
സുഭാഷേട്ടന് നന്ദി..ഓര്‍മകള്‍ ഉണര്‍ത്തിയതിന്...പഴയ കാലത്തേക്ക് കൂട്ടിക്കൊണ്ടുപോയതിന്..കല്യാണം കഴിഞ്ഞ് അമ്മയായി മാറിയ എന്റെയും ഫോണിലൂടെയും ഇന്റര്‍നെറ്റിലൂടെയും അടുത്തുകാണുന്ന എന്റെ ചേട്ടന്റെയും കുട്ടിക്കാലത്തെ ഈ സംഭവം ഓര്മിപ്പിച്ചതിന്.. ഇനി ഇന്നോ നാളെയോ ചേട്ടന് വിളിക്കുമ്പോള്‍ പാടിക്കൊടുക്കണം..ചോദിക്കണം ഓര്‍മയുണ്ടോ ഈ പാട്ടെന്ന്....
എന്തിന്നധീരത
ഇപ്പോള്‍ തുടങ്ങുവിന്‍
എല്ലാം നമ്മള് പഠിക്കേണം
തയ്യാറാകണമിപ്പോള്‍ത്തന്നെ
ആജ്ഞാശക്തിയായ് മാറീടാം!!!
19 comments:
നന്ദി മാഷേ ഈ ഓര്‍മ്മപ്പെടുത്തലിന്. 85 ല്‍ ഞാനും ഈ പാട്ടുപാടി തെരുവുനാടകം കളിച്ചിട്ടുണ്ട്.
പട്ടിണിയായ മനുഷ്യാ നീ
പുസ്തകം കൈയ്യിലെടുത്തോളൂ
പുത്തനൊരായുധമാണു നിനക്കതു
പുസ്തകം കൈയ്യിലെടുത്തോളൂ
ഈ വരികള്‍ കേള്‍ക്കുമ്പോള്‍
പറയാനാവാത്ത സന്തോഷം..
ഓര്മയുണ്ടെങ്കില് അത് മുഴുവനായി ഒന്ന് അയച്ചുതരുമോ?
ബുദ്ധിമുട്ടാവില്ലെങ്കില്‍ മാത്രം..
താങ്കളും അതിന്റെ ഭാഗമായിരുന്നു
എന്നറിഞ്ഞതില്‍ സന്തോഷം..
അതുവായിച്ചപ്പോള്‍ തീര്‍ച്ചയായും
താങ്കളുടെ മനസ്സിലും ഓര്‍മകള്‍ വന്നിരിക്കണം....
കമന്റിട്ടതിന് ഒരുപാട് നന്ദി...
നല്ല പാട്ട് , ഞാന്‍ നല്ലപ്പോ കേള്കുന്നതാണ് , എന്നാലും ഇഷ്ടമായി
ആദ്യായിട്ടാണേ..
നന്നായി
ആലോചിച്ചിട്ട് ഒരു ഓര്‍മ്മയും കിട്ടിയില്ല.
പഴയ സഹനടന്‍ ചന്ദ്രനെ വിളിച്ചു. ഇത്ര കൂടി കിട്ടി. കൃത്യം ഓര്‍ഡറും മറന്നു.
‘പാര്‍പ്പിടമില്ലാത്ത പാവങ്ങളേ,
മണ്ണില്‍ കൂനിയിരുപ്പവരേ,
വിദ്യാലയങ്ങളും വിജ്ഞാനങ്ങളും
അന്വേഷിപ്പിവിന്‍ കൂട്ടരേ.
ഓരോ ചെറു ചെറു വസ്തുവിലും
വിരല്‍ തൊട്ടു തൊട്ടങ്ങു ചോദിക്കൂ,
എങ്ങിനെയിതു കിട്ടീ നിങ്ങള്‍ക്ക്?
എങ്ങിനെയിതു കിട്ടീ നിങ്ങള്‍ക്ക്?
ഒരു സ്റ്റാന്‍സ കൂടിയുണ്ടെന്നാണ് ഓറ്മ്മ. കിട്ടുന്നില്ല.
കേട്ടാൽ മറന്നു പോകാത്ത വരികൾ.
അന്നതു മനസ്സിലെവിടെയോ തറച്ചു കയറിയിട്ടുണ്ടാകും.
ആശംസകൾ.
കമന്റിട്ട എല്ലാവര്ക്കും ഒരുപാടുനന്ദി..
പ്രത്യേകിച്ച് ബാബുരാജ് സാറിന്..
പിന്നെ ചേച്ചിപ്പെണ്ണിന്..
അരുണേ..രാമായണം കലക്കുന്നുണ്ട് കെട്ടോ..
നന്ദി..വി.കെ
ഞാന്‍ കേട്ടിട്ടില്ല ഈ വരികള്‍. പക്ഷെ ശക്തമായ വരികള്‍ തന്നെ.
ഹ ഹ ഈ പാട്ടു ഞാനും പാടിയിട്ടുണ്ട്.. ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ കുറെ പുസ്തകവും വിൽക്കുകയുണ്ടായിട്ടുണ്ട്...അന്നത്തെ കാലത്ത് 85ൽ തന്നെയാണു എന്നു തോന്നുന്നു ഇതു പാടാത്തവരും കേൾക്കാത്തവരും ഉണ്ടാവില്ലാ അത്ര പ്രചാരം നേടിയിരുന്നു ഈ ഗാനം
പാഠപുസ്തകങ്ങളിൽ കവിഞ്ഞുള്ള വായനയുടെ ലോകത്തേക്ക് എത്തിച്ചതിനു ആ പ്രവർത്തനങ്ങൾക്ക് കഴിഞ്ഞിരിന്നു...ഈ ഓർമ്മകളിലേക്ക് എത്തിച്ചതിനു ഒത്തിരി നന്ദി.
വളരെ വളരെ നന്നായിട്ടുണ്ട്.
വളരെ വളരെ നന്നായിട്ടുണ്ട്.
അതെ ശ്രീ..
തീര്‍ച്ചയായും ശക്തമായ വരികള്‍ തന്നെ..
വരവൂരാനെ ഓര്‍മകളിലേക്ക്
കൊണ്ടുപോകാന്‍ കഴിഞ്ഞതില്‍ സന്തോഷം..
മിനി ടീച്ചര്‍ക്ക് സ്വാഗതം..
നന്ദി വന്നവര്‍ക്ക്..വായിച്ചവര്‍ക്ക്..
കുട്ടികൾക്ക് പാടിക്കൊടുത്ത ഓർമ്മയുണ്ട്.
kettu marakkaththa paattanithu ...ennittu chettane paadi kelppicho phoniloode?
ആദ്യായിട്ട് കേള്ക്കാണ് ട്ടോ ഈ വരികള്‍...
സംഭവത്തിന്റെ അര്‍ത്ഥം ഒക്കെ അമ്മേനോട് ചോദിച്ചപ്പോ എനിക്കും ഇഷ്ടായി... :)
[അതേ, ഇനി എഴുതുമ്പോ ഓരോ വാക്കിന്റെം എടേല് കുറച്ചുടെ space ഇടാമോ...]
thanks for all comments..
എന്റെ പ്രീഡിഗ്രി കാലത്തായിരുന്നു ഈ വരികള്‍ അലയടിച്ചിരുന്നത്. അന്നത് കോളേജ് മുഴുവന്‍ പാടി നടന്നിരുന്ന എന്റൊരു സഹപാഠി ഇന്ന് വലിയ ഒരു ഹാസ്യതാരമാണ്. സലിംകുമാര്‍ :)
ആ ഓര്‍മ്മകളിലേക്ക് കൊണ്ടുപോയതിന് നന്ദി.
കാലചക്രമേ എങ്ങു പോയ് മറഞ്ഞൂ..
ഇതു വഴിയൊന്നും കാണാറില്ലല്ലോ??
എഴുത്ത് തുടരുക..!!
ജര്‍മന്‍ കവിയും നാടകകൃത്തുമായ Bertolt Brecht എഴുതിയ കവിതയാണിത് എങ്ങിനെ ശക്തമല്ലതിരിക്കും.
ഓര്‍മ്മകള്‍ തന്നതിന് നന്ദി.
Post a Comment