Monday, November 9, 2009

കേരള കഫെയിലെ വിശേഷങ്ങള്‍






കുറെ നാളുകള്‍ക്കുശേഷം ഒരു സിനിമ കണ്ടു.
കേരള കഫെ...
മനസ്സുനിറയെ സന്തോഷം തോന്നി..അല്‌പം നൊമ്പരവും..
കോഴിക്കോട്ടെ രാധ തീയറ്ററില്‍നിന്ന്‌ ഇറങ്ങുമ്പോള്‍
മനസ്സിലൂടെ ഒരുപാട്‌ മുഖങ്ങള്‍ ഓടിയിറങ്ങി...
10 സംവിധായകരിലൂടെ 10 സിനിമ.
രഞ്‌ജിത്തും കൂട്ടുകാരും അഭിനന്ദനം അര്ഹിക്കുന്നു.
തികച്ചും വ്യത്യസ്‌തമായ ഉദ്യമം.

ലാല്‍ജോസും അന്‍വര്‍ റഷീദും ഷാജി കൈലാസും
രേവതിയും അഞ്‌ജലിമേനോനും ആദ്യംതന്നെ
അഭിനന്ദനം പറയട്ടെ...

എനിക്കിഷ്ടപ്പെട്ട സിനിമകളിലൂടെ...


സി.വി.ശ്രീരാമന്റെ പുറംകാഴ്‌ചകള്‍
ഒട്ടും ഭംഗിചോരാതെ കാത്തിരിക്കുന്നു ലാല്‍ജോസ്‌.
ഓരോ ഫ്രെയിമിലും അദ്ദേഹത്തിന്റെ തനതായ
പ്രകൃതിഭംഗി ആവാഹിച്ചെടുത്തിരിക്കുന്നു.
പ്രതീക്ഷിക്കാത്ത അവസാനം തന്നെയാണ്‌
ആ പടത്തിലെ ഹീറോ....

രാജമാണിക്യവും ചോട്ടാമുംബൈയും അണ്ണന്‍തമ്പിയും തന്ന
അന്‍വര്‍ റഷീദിനെ തീരെ പ്രതീക്ഷിച്ചിരുന്നില്ല,
ഇങ്ങനെയൊരു സൃഷ്ടിയുമായി....ബ്രിഡ്‌ജ്‌
ഒരു വശത്ത്‌ അച്ഛനും മകനും തമ്മിലുള്ള ബന്ധം
പേരിടാനാവാത്ത നൊമ്പരമായപ്പോള്‍
മറുപാതിയില്‍ സലിം കുമാര്‍ അവതരിപ്പിച്ച മണിയും
അമ്മയായ ശാന്താദേവിയും അഭിനയിച്ചു കരയിച്ചു.
ഒരുവേള എന്റെ മകനെയും അമ്മയെയും
ഒരുപോലെ ഞാന്‍ ഓര്‍ത്തുപോയി..
ഒപ്പം ഒരു കുഞ്ഞുപൂച്ചക്കുട്ടിയുടെ
നിര്‍ത്താതെയുള്ള കരച്ചിലും.
അന്‍വര്‍ റഷീദിനൊപ്പം ഉണ്ണിച്ചേട്ടനും
മനസ്സുനിറഞ്ഞ അഭിനന്ദനം.

മഞ്ചാടിക്കുരുവിന്റെ ഭംഗി
മനസ്സില്‍ സൂക്ഷിക്കുന്ന
അഞ്‌ജലി മേനോന്റെ ഹാപ്പി ജേര്‍ണി.
ജഗതിയും ആകാശഗോപുരത്തിലൂടെ
മലയാള സിനിമയിലെത്തിയ നിത്യയും നന്നായി തിളങ്ങി.
മനോഹരമായ യാത്രതന്നെയായിരുന്നു അത്‌.
പലതും ഓര്‍മ്മിപ്പിക്കുന്ന ഒരു ചെറിയ യാത്ര...
സന്തോഷ യാത്ര...

രേവതിയുടെ മകള്‍ മനസ്സില്‍ കരടയായി തങ്ങിയിരിക്കുന്നു.
തിരക്കഥയില്‍ ശക്തി കാത്തുസൂക്ഷിച്ച
ദീദി ദാമോദറില്‍നിന്നും
സംവിധാനത്തില്‍ സ്ഥാനം നിലനിര്‍ത്തിയ
രേവതിയില്‍നിന്നും ഒരു സമ്മാനം.
കണ്ടുകൊണ്ടിരുന്നപ്പോള്‍
മനസ്സിലൂടെ കടന്നുപോയ മുഖം..
വീട്ടില്‍ ജോലിക്കുനിന്നിരുന്ന മലര്‍ക്കൊടിയെന്ന
സേലംകാരി പെണ്‍കുട്ടി..
അവളുടെ തമിഴ്‌ കലര്‍ന്ന മലയാളം...
അവളുടെ ചുറ്റുപാടുകളും അവസ്ഥയും പീഢനങ്ങളും...
പിന്നെ ഒപ്പം എന്റെ പൊന്നുമോനും.....
അല്‍പം സെന്റിമെന്റ്‌സ്‌ കൂടിയെങ്കിലും നല്ല പടം.

ശങ്കര്‍ രാമകൃഷ്‌ണന്റെ ഐലന്റ്‌ എക്‌സ്‌പ്രസ്‌.
ഒരുവേള മനസ്സില്‍ നൊമ്പരമാവുന്ന
സുകുമാരിയുടെ അമ്മവേഷം.
പൃഥ്വിരാജിന്റെ കഥാപാത്രം.
നഷ്ടപ്പെടലുകളുടെ വേദന അറിയുന്നവര്‍ക്ക്‌
ഐലന്റ്‌ എക്‌സ്‌പ്ര സും അഷ്ടമുടിക്കായലും
മനസ്സില്‍തീര്‍ക്കുന്നത്‌ നിലയ്‌ക്കാത്ത കണ്ണീര്‍ചാലുകളാണ്‌......
മറക്കാത്ത, മരിക്കാത്ത കുറെ ഓര്‍മ്മകള്‍...

ഷാജി കൈലാസില്‍നിന്നും ലളിതം ഹിരണ്‍മയം..
തട്ടുപൊളിപ്പന്‍ പടങ്ങളില്‍നിന്നും
തീര്‍ത്തും വേറിട്ട സഞ്ചാരം..
വളരെ വ്യത്യസ്‌തമായ അനുഭവമല്ലെങ്കിലും
നന്നായിരിക്കുന്നു.

പത്മകുമാറിന്റെ നൊസ്റ്റാള്‍ജിയയാണ്‌
പത്തെണ്ണത്തില്‍ ആദ്യമായി കടന്നെത്തിയത്‌.
കുഴപ്പമില്ല എന്ന തനി മലയാളി ഉത്തരം തന്നെ അതിനുനല്‍കാം..
പത്മകുമാറില്‍നിന്നും കൂടുതല്‍ പ്രതീക്ഷിച്ചതുകൊണ്ടാവാം അത്‌.

ബി.ഉണ്ണികൃഷ്‌ണന്റെ അവിരാമം.
സിദ്ധിഖും ശ്വേതാമേനോനും അഭിനയിച്ച ചിത്രത്തില്‍
ഇന്നിന്റെ കഥ പറഞ്ഞിരിക്കുന്നു...
ഉത്തരം കുഴപ്പമില്ല എന്നുതന്നെ!!!

മറ്റുപടങ്ങളുമായി തട്ടിച്ചുനോക്കുമ്പോള്‍
ഏറ്റവും ഇഷ്ടപ്പെടാതെ പോയത്‌
ശ്യാമപ്രസാദിന്റെ ഓഫ്‌്‌ സീസണ്‍ ആണ്‌.
സാമ്പത്തിക മാന്ദ്യത്തിന്റെ ലോകത്ത്‌ സംഭവിക്കാവുന്ന ഒരു കഥ.
ഋതുവിലൂടെ പാതമാറി സഞ്ചരിക്കാന്‍ തുടങ്ങിയ
ശ്യാമപ്രസാദ്‌ ഒരു ഡോക്യുമെന്ററിയായിരുന്നു
ഉദ്ദേശിച്ചതെന്നു തോന്നുന്നു.

ഉദയ്‌ അനന്തന്റെ മൃത്യുഞ്‌ജയം.
മുഴുവന്‍ കണ്ടിട്ടും സത്യം പറഞ്ഞാല്‍
അദ്ദേഹം എന്താണ്‌ ഉദ്ദേശിച്ചതെന്ന്‌
എനിക്ക്‌ മനസ്സിലായില്ല.
(ബുദ്ധിജീവി അല്ലാത്തതുകൊണ്ടാവും....
ക്ഷമിക്കുക!!!) .
ആകെ എടുത്തുപറയാനുള്ളത്‌ തിലകനും ഷാനുവുമാണ്‌..
ഷാനുവിനെ ഓര്‍മ്മയില്ലേ...
കൈക്കുടന്ന നിലാവിലൂടെ
അഭിനയത്തില്‍ വന്നുപോയ
സംവിധായകന്‍ ഫാസിലിന്റെ മകനെ...
അന്നത്തെ കുട്ടിത്തത്തില്‍നിന്ന്‌
ഇന്നേറെ വളര്‍ന്നിരിക്കുന്നുവെന്ന്‌
നമ്മെ അറിയിക്കുന്നു ഈ കഥാപാത്രം..

റയില്‍വേ സ്‌റ്റേഷനിലെ
കേരളകഫേ ഹോട്ടലില്‍നിന്നു തുടങ്ങി
അവിടെത്തന്നെ അവസാനിക്കുന്ന
ഒരു തുടര്‍യാത്രയാണ്‌ ഈ സിനിമ.
യാത്രകളെല്ലാം ചരടില്‍ കോര്‍ത്തിണക്കി
അനുഭവയോഗ്യമായ വിരുന്നൊരുക്കിയിരിക്കുന്നു
സംവിധാനവും നിര്‍മ്മാണവും നിര്‍വ്വഹിച്ച രഞ്‌ജിത്ത്‌.
ഇത്തരം ഉദ്യമങ്ങള്‍ ഇനിയുമുണ്ടാവും
എന്ന്‌ നമുക്ക്‌ പ്രത്യാശിക്കാം...

5 comments:

ശ്രീ said...

നല്ലൊരു അവലോകനം തന്നെ, കൊള്ളാം.

മൃത്യുഞ്ജയം കണ്ട് മനസ്സിലായെന്ന് പറയുന്ന ഒരാള്‍ പോലുമില്ലേ... :)

പട്ടേപ്പാടം റാംജി said...

ആദ്യമായാണ്‌ ഞാനിവിടം സന്ദര്‍ശിക്കുന്നത്‌.

സിനിമകള്‍ കാണാന്‍ കുറെ നാളായി സധിക്കാറില്ല. പിന്നെ ഇതുപോലുള്ള അവലോകനങ്ങള്‍ മാത്രമാണ്‌ ഇപ്പോഴാശ്രയിക്കുന്നത്‌. നന്നായിരിക്കുന്നു. ചിലതെല്ലാം മനസ്സിലാക്കാനും കഴിഞ്ഞു.

വരവൂരാൻ said...

നല്ല വിലയിരുത്തലുകൾ ആശംസകൾ

കാലചക്രം said...

thanks sree, varavuran..
and welcome to pattepadamramji

Thabarak Rahman Saahini said...

ഞാന്‍ കേരള കഫെ കണ്ടിരുന്നു.
ബ്രിഡ്ജ് എന്ന കഥ വല്ലാതെ
ഹോണ്ട് ചെയ്യുന്നു. മറ്റു കഥകളും മോശമെന്നല്ല.
പുറം കാഴ്ചകളും, ഐലന്ഡ് എക്സ്പ്രസ്സും മികച്ചവതന്നെ.
പത്തു കഥകളിലൂടെയുള്ള ഒരു ഓട്ടപ്രദക്ഷിണം,
അവസരോചിതമായിരിക്കുന്നു.
സ്നേഹപൂര്‍വം
താബു
http://thabarakrahman.blogspot.com/