Sunday, November 22, 2009

വാഗണ്‍ കോമഡി

സമയം: രാത്രി 2 മണി.
സ്ഥലം: തൃശൂര്‍ റെയില്‍വേസ്‌റ്റേഷന്‍.

മലബാര്‍ എക്‌സ്‌പ്രസിന്റെ
റിസര്‍വേഷന്‍ കമ്പാര്‍ട്ട്‌മെന്റില്‍നിന്നും
മൂന്നുപെണ്‍കുട്ടികളെ ടി.ടി. ദേഷ്യത്തോടെ പുറത്താക്കി.
റിസര്‍വേഷന്‍ ടിക്കറ്റില്ലെങ്കില്‍ ജനറല്‍ കമ്പാര്‍ട്ടുമെന്റില്‍
കയറാനാണ്‌ അദ്ദേഹത്തിന്റെ കല്‍പ്പന.
ഇഷ്ടമില്ലാഞ്ഞിട്ടാണോ?
കൂടെയുള്ള കുട്ടിയുടെ അമ്മയ്‌ക്ക്‌ സുഖമില്ലെന്നറിഞ്ഞതിനാല്‍
ഓഫീസില്‍ നിന്ന്‌ പെട്ടന്നിറങ്ങിയതാണ്‌.
ഏതെങ്കിലും വണ്ടിയില്‍ കയറണമെന്നുമാത്രമായിരുന്നു ഉദ്ദേശം.
ബസ്സില്‍ കാലുകുത്താന്‍ ഇടമില്ലാതിരുന്നതിനാലാണ്‌
ട്രെയിന്‍ യാത്ര മതിയെന്നുവെച്ചത്‌.

ക്യൂനിന്ന്‌ മൂന്ന്‌ ടിക്കറ്റ്‌ ഒപ്പിച്ചതെങ്ങനെയെന്ന്‌
ഇയാള്‍ക്ക്‌ അറിയില്ലല്ലോ? ദുഷ്ടന്‍!!!!
ജനറലില്‍ കമ്പാര്‍ട്ടുമെന്റിന്റെ പടിയിലാണ്‌
ആളുകള്‍ ഇരിക്കുന്നത്‌. വനിതാ കമ്പാര്‍ട്ടുമെന്റില്‍
വാതിലിനടുത്ത്‌ അള്ളിപ്പിടിച്ച്‌ നില്‍ക്കുന്ന ചേച്ചിമാര്‍
മുട്ടിവിളിച്ചിട്ടും കേട്ടഭാവമില്ല. കരഞ്ഞുപറഞ്ഞിട്ടും
കാര്യമുണ്ടായില്ല. അല്ലേലും എവിടിരിക്കാനാ?
ഇനി ബോഗിയുടെ മുകളില്‍കേറി ഇരിക്കാമെന്നുവെച്ചാല്‍....

റിസര്‍വേഷന്‍ കമ്പാര്‍ട്ടുമെന്റില്‍ ചാടിക്കയറിയപ്പോള്‍
കുറച്ച്‌ മനുഷ്യത്വം പ്രതീക്ഷിച്ചു.
ആദ്യമെല്ലാം എതിര്‍ത്തെങ്കിലും ടി.ടി. ഒരുവിധത്തില്‍
മയപ്പെട്ടുവന്നതാണ്‌. അധികമൊന്നും യാത്രചെയ്‌ത്‌
പരിചയമില്ലെന്നും ജനറലില്‍ കയറാന്‍ പറ്റുന്നില്ലെന്നുമെല്ലാം
പറഞ്ഞ്‌ ഞാന്‍ സെന്റിമെന്റ്‌സ്‌ വര്‍ക്ക്‌ഔട്ട്‌ ചെയ്യിച്ചുവന്നതാണ്‌. എല്ലാംകുളമാക്കിയത്‌ ഷബിതയാണ്‌.

ടി.ടി.യുടെ മുഖത്ത്‌ വന്നുപോകുന്ന
അലിവിന്റെ അലകള്‍ അളന്ന്‌
എന്റെ അഭിനയം പൊടിപൊടിക്കുമ്പോള്‍
അസ്ഥാനത്ത്‌ അവളുടെ വളിഞ്ഞ ചിരി!!!
എല്ലാം തുലഞ്ഞു. അലിവ്‌ ദേഷ്യമായി..
പിന്നെ അത്‌ അയാളുടെ സ്ഥായീഭാവമായി.

എന്തുചെയ്യണമെന്നറിയാതെ മൂന്നുപേരും നില്‍ക്കുമ്പോള്‍
എല്ലാ കമ്പാര്‍ട്ടുമെന്റുകള്‍നിന്നും
അതാ പൂരത്തിനു പുരുഷാരം എന്നപോലെ
ആളുകള്‍ സ്‌റ്റേഷനിലേക്ക്‌ ഇറങ്ങിവരുന്നു.
ഇതെന്തുപറ്റി എന്ന്‌ അന്തം വിട്ടുനില്‍ക്കുമ്പോള്‍
ടി.ടി.യുടെ അടുത്ത ഉത്തരവ്‌..
''ഇവിടെ അടുത്താ ബസ്‌ സ്‌റ്റാന്റ്‌..നേരെവിട്ടോ,
അല്ലെങ്കില്‍ അടുത്ത ട്രെയിന്‍ വരുന്നതുവരെ വെയിറ്റ്‌ ചെയ്യ്‌...ഇതില്‍ ഏതായാലും യാത്രചെയ്യാന്‍ പറ്റില്ല. ''
ചീത്തവിളിക്കാന്‍ നാവുപൊങ്ങിയതാണ്‌.
നട്ടപ്പാതിരയ്‌ക്ക്‌ പരിചയമില്ലാത്ത സ്റ്റേഷനില്‍
പെണ്‍കുട്ടികളെ ഇറക്കിവിട്ടിട്ട്‌ ബസ്‌ കയറിപൊയ്‌ക്കൊള്ളാന്‍...
ഇയാള്‍ക്കൊന്നും വീട്ടില്‍ അമ്മയും പെങ്ങളും...
മനസ്സ്‌ പെട്ടന്നുപറഞ്ഞു..Dont do..dont do!!!!
കണ്‍ട്രോള്‍ ഭഗവതിയെ മനസ്സില്‍ ധ്യാനിച്ചു.

ഈ നേരംകൊണ്ട്‌ സ്റ്റേഷനില്‍ ആകെ ബഹളം.
ഇറക്കിവിട്ടവരുടെ എണ്ണം അഞ്ചും പത്തുമല്ല..നൂറിനടുത്തുവരും.
സംഘശക്തി തന്നെ പ്രായോഗികം.
അടുത്ത പരിപാടി ഉടന്‍ അരങ്ങേറി...
ട്രെയിന്‍ തടയല്‍അരമണിക്കൂര്‍ നേരത്തെ
ചര്‍ച്ചയ്‌ക്കൊടുവില്‍ തീരുമാനമായി.
ഷൊര്‍ണ്ണൂര്‍വരെ റിസര്‍വേഷന്‍ ബോഗിയില്‍ത്തന്നെ കയറാം.
അവിടെനിന്ന്‌ ഒരു അഡീഷണല്‍ ബോഗി ഏര്‍പ്പാടാക്കുന്നുണ്ട്‌..
ഹാവൂ..സമാധാനം...വ്യാകുലമാതാവേ...നീ തന്നെ തുണ!!!

ഷൊര്‍ണൂരിലെത്തിയപ്പോള്‍
റിസര്‍വേഷന്‍ ടിക്കറ്റില്ലാക്കൂട്ടം ഒന്നടങ്കം
പോലീസിനാല്‍ ആനയിക്കപ്പെട്ടു.
പുതിയ ബോഗി ഞങ്ങള്‍ക്കായതാ ഒരുക്കിയിരിക്കുന്നു.
സന്തോഷം കൊണ്ട്‌ റെയില്‍വേയ്‌ക്ക്‌ സ്‌തുതിഗീതം പാടി ഞങ്ങള്‍.
പക്ഷെ!!!!

ബോഗിയില്‍ കയറാന്‍ നോക്കിയപ്പോഴാ മനസ്സിലായത്‌
അതു വാഗണ്‍ ആണെന്ന്‌.
നെല്ലോ ഗോതമ്പോ മറ്റോ കയറ്റുന്ന വാഗണ്‍..
നിറയെ വൈക്കോലിന്റെ അവശിഷ്ടങ്ങളുണ്ടായിരുന്നു.
എന്തുപറയാന്‍..രണ്ടും കല്‍പ്പിച്ച്‌ കയറി.
കൂടെ പത്തമ്പത്‌ പേരും.
പിന്നെയായിരുന്നു യാത്ര.
പാട്ടും കൂത്തും അല്‍പം ചൊറിച്ചിലുമായി നേരം വെളുപ്പിച്ചു.

അതിനിടെ ഒരുപാടു മുഖങ്ങള്‍..
കോഴിക്കോട്‌ വെസ്‌റ്റ്‌ഹില്‍ മൈതാനിയില്‍ നടക്കുന്ന
ആര്‍മി റിക്രൂട്ട്‌മെന്റില്‍ കൂട്ടുകാരനുവേണ്ടി
ഓടാനിറങ്ങുന്ന ബിജു (ബിജുവേ..ക്ഷമിക്കണേ!!! ...രഹസ്യം പരസ്യമായി), ഓപ്പറേഷന്‍ കഴിഞ്ഞ്‌ അമൃത ഹോസ്‌പിറ്റലില്‍നിന്നുവരുന്ന
റിനീഷും അച്ഛനും, ഒരു സിനിമയില്‍ തല കാണിച്ചതിന്റെ ചാരിതാര്‍ഥ്യവുമായി ഫസല്‍ (ആ സിനിമയില്‍
പിന്നീട്‌ എത്ര ശ്രമിച്ചിട്ടും പക്ഷെ അവനെ ഞാന്‍ കണ്ടില്ല!!!) അങ്ങനെയങ്ങനെ ഒരുപാട്‌ മുഖങ്ങള്‍.
കണ്ടിട്ടും കാണാതെ പോകുന്ന സാധാരണ മനുഷ്യര്‍.

അതിനുമുമ്പും ശേഷവും എത്രയോ യാത്രകള്‍ നടത്തിയിരിക്കുന്നു. ഇതുപോലൊരുയാത്ര പിന്നീടുണ്ടായിട്ടില്ല.
ഓര്‍ക്കുമ്പോള്‍ സ്വപ്‌നം പോലെ..

തിങ്ങിഞെരുങ്ങി ഒരു വിധത്തില്‍
കോഴിക്കോടെത്തി ചാടിയിറങ്ങിയപ്പോള്‍ അറിയാതെ വിളിച്ചുപോയി..എന്റമ്മേ!!!

12 comments:

Rejeesh Sanathanan said...
This comment has been removed by the author.
Rejeesh Sanathanan said...
This comment has been removed by the author.
Rejeesh Sanathanan said...

(ബിജുവേ...ക്ഷണിക്കണം...രഹസ്യം പരസ്യമായി)

ക്ഷമിക്കണം എന്നാണോ.അതോ ക്ഷണിക്കണം എന്ന് തന്നെയൊ....?

ശ്രീ said...

ഇന്ന് ആലോചിയ്ക്കുമ്പോഴല്ലേ ചേച്ചീ അത് കോമഡി ആയി തോന്നുന്നത്? അന്ന് അങ്ങനെ ആയിരുന്നോ?

:)

ഉപാസന || Upasana said...

:-)

പട്ടേപ്പാടം റാംജി said...

യാത്രാനുഭവം ആണൊ. ഒഴുക്കോടെ വായിക്കാന്‍ കഴിയുന്ന ശൈലി. ‍

ചേച്ചിപ്പെണ്ണ്‍ said...

യാത്രകള്‍ ഇനിയും ഉണ്ടാകട്ടെ ... ഓര്‍മ്മകളും ...
നല്ല പോസ്റ്റ്‌ ... പെട്ടെന്ന് തീര്‍ന്നു പോയ പോലെ ...

ശ്രീ said...

പുതുവത്സരാശംസകള്‍!
:)

അരുണ്‍ കരിമുട്ടം said...

ഓര്‍ക്കുമ്പോ ആ യാത്രക്കും ഒരു മധുരമില്ലേ :)
ഇനി ഒരിക്കലും സംഭവിക്കാത്തതരത്തിലുള്ള ഒരു യാത്ര

തൃശൂര്‍കാരന്‍ ..... said...

ഹ ഹ ..കലക്കി...എന്നാലും പാവം ബിജു..പരസ്യമാക്കി കളഞ്ഞല്ലോ..!

Beena said...

nannayittundu!!

lekshmi. lachu said...

നല്ല പോസ്റ്റ്‌ ...