Sunday, November 22, 2009

വാഗണ്‍ കോമഡി

സമയം: രാത്രി 2 മണി.
സ്ഥലം: തൃശൂര്‍ റെയില്‍വേസ്‌റ്റേഷന്‍.

മലബാര്‍ എക്‌സ്‌പ്രസിന്റെ
റിസര്‍വേഷന്‍ കമ്പാര്‍ട്ട്‌മെന്റില്‍നിന്നും
മൂന്നുപെണ്‍കുട്ടികളെ ടി.ടി. ദേഷ്യത്തോടെ പുറത്താക്കി.
റിസര്‍വേഷന്‍ ടിക്കറ്റില്ലെങ്കില്‍ ജനറല്‍ കമ്പാര്‍ട്ടുമെന്റില്‍
കയറാനാണ്‌ അദ്ദേഹത്തിന്റെ കല്‍പ്പന.
ഇഷ്ടമില്ലാഞ്ഞിട്ടാണോ?
കൂടെയുള്ള കുട്ടിയുടെ അമ്മയ്‌ക്ക്‌ സുഖമില്ലെന്നറിഞ്ഞതിനാല്‍
ഓഫീസില്‍ നിന്ന്‌ പെട്ടന്നിറങ്ങിയതാണ്‌.
ഏതെങ്കിലും വണ്ടിയില്‍ കയറണമെന്നുമാത്രമായിരുന്നു ഉദ്ദേശം.
ബസ്സില്‍ കാലുകുത്താന്‍ ഇടമില്ലാതിരുന്നതിനാലാണ്‌
ട്രെയിന്‍ യാത്ര മതിയെന്നുവെച്ചത്‌.

ക്യൂനിന്ന്‌ മൂന്ന്‌ ടിക്കറ്റ്‌ ഒപ്പിച്ചതെങ്ങനെയെന്ന്‌
ഇയാള്‍ക്ക്‌ അറിയില്ലല്ലോ? ദുഷ്ടന്‍!!!!
ജനറലില്‍ കമ്പാര്‍ട്ടുമെന്റിന്റെ പടിയിലാണ്‌
ആളുകള്‍ ഇരിക്കുന്നത്‌. വനിതാ കമ്പാര്‍ട്ടുമെന്റില്‍
വാതിലിനടുത്ത്‌ അള്ളിപ്പിടിച്ച്‌ നില്‍ക്കുന്ന ചേച്ചിമാര്‍
മുട്ടിവിളിച്ചിട്ടും കേട്ടഭാവമില്ല. കരഞ്ഞുപറഞ്ഞിട്ടും
കാര്യമുണ്ടായില്ല. അല്ലേലും എവിടിരിക്കാനാ?
ഇനി ബോഗിയുടെ മുകളില്‍കേറി ഇരിക്കാമെന്നുവെച്ചാല്‍....

റിസര്‍വേഷന്‍ കമ്പാര്‍ട്ടുമെന്റില്‍ ചാടിക്കയറിയപ്പോള്‍
കുറച്ച്‌ മനുഷ്യത്വം പ്രതീക്ഷിച്ചു.
ആദ്യമെല്ലാം എതിര്‍ത്തെങ്കിലും ടി.ടി. ഒരുവിധത്തില്‍
മയപ്പെട്ടുവന്നതാണ്‌. അധികമൊന്നും യാത്രചെയ്‌ത്‌
പരിചയമില്ലെന്നും ജനറലില്‍ കയറാന്‍ പറ്റുന്നില്ലെന്നുമെല്ലാം
പറഞ്ഞ്‌ ഞാന്‍ സെന്റിമെന്റ്‌സ്‌ വര്‍ക്ക്‌ഔട്ട്‌ ചെയ്യിച്ചുവന്നതാണ്‌. എല്ലാംകുളമാക്കിയത്‌ ഷബിതയാണ്‌.

ടി.ടി.യുടെ മുഖത്ത്‌ വന്നുപോകുന്ന
അലിവിന്റെ അലകള്‍ അളന്ന്‌
എന്റെ അഭിനയം പൊടിപൊടിക്കുമ്പോള്‍
അസ്ഥാനത്ത്‌ അവളുടെ വളിഞ്ഞ ചിരി!!!
എല്ലാം തുലഞ്ഞു. അലിവ്‌ ദേഷ്യമായി..
പിന്നെ അത്‌ അയാളുടെ സ്ഥായീഭാവമായി.

എന്തുചെയ്യണമെന്നറിയാതെ മൂന്നുപേരും നില്‍ക്കുമ്പോള്‍
എല്ലാ കമ്പാര്‍ട്ടുമെന്റുകള്‍നിന്നും
അതാ പൂരത്തിനു പുരുഷാരം എന്നപോലെ
ആളുകള്‍ സ്‌റ്റേഷനിലേക്ക്‌ ഇറങ്ങിവരുന്നു.
ഇതെന്തുപറ്റി എന്ന്‌ അന്തം വിട്ടുനില്‍ക്കുമ്പോള്‍
ടി.ടി.യുടെ അടുത്ത ഉത്തരവ്‌..
''ഇവിടെ അടുത്താ ബസ്‌ സ്‌റ്റാന്റ്‌..നേരെവിട്ടോ,
അല്ലെങ്കില്‍ അടുത്ത ട്രെയിന്‍ വരുന്നതുവരെ വെയിറ്റ്‌ ചെയ്യ്‌...ഇതില്‍ ഏതായാലും യാത്രചെയ്യാന്‍ പറ്റില്ല. ''
ചീത്തവിളിക്കാന്‍ നാവുപൊങ്ങിയതാണ്‌.
നട്ടപ്പാതിരയ്‌ക്ക്‌ പരിചയമില്ലാത്ത സ്റ്റേഷനില്‍
പെണ്‍കുട്ടികളെ ഇറക്കിവിട്ടിട്ട്‌ ബസ്‌ കയറിപൊയ്‌ക്കൊള്ളാന്‍...
ഇയാള്‍ക്കൊന്നും വീട്ടില്‍ അമ്മയും പെങ്ങളും...
മനസ്സ്‌ പെട്ടന്നുപറഞ്ഞു..Dont do..dont do!!!!
കണ്‍ട്രോള്‍ ഭഗവതിയെ മനസ്സില്‍ ധ്യാനിച്ചു.

ഈ നേരംകൊണ്ട്‌ സ്റ്റേഷനില്‍ ആകെ ബഹളം.
ഇറക്കിവിട്ടവരുടെ എണ്ണം അഞ്ചും പത്തുമല്ല..നൂറിനടുത്തുവരും.
സംഘശക്തി തന്നെ പ്രായോഗികം.
അടുത്ത പരിപാടി ഉടന്‍ അരങ്ങേറി...
ട്രെയിന്‍ തടയല്‍അരമണിക്കൂര്‍ നേരത്തെ
ചര്‍ച്ചയ്‌ക്കൊടുവില്‍ തീരുമാനമായി.
ഷൊര്‍ണ്ണൂര്‍വരെ റിസര്‍വേഷന്‍ ബോഗിയില്‍ത്തന്നെ കയറാം.
അവിടെനിന്ന്‌ ഒരു അഡീഷണല്‍ ബോഗി ഏര്‍പ്പാടാക്കുന്നുണ്ട്‌..
ഹാവൂ..സമാധാനം...വ്യാകുലമാതാവേ...നീ തന്നെ തുണ!!!

ഷൊര്‍ണൂരിലെത്തിയപ്പോള്‍
റിസര്‍വേഷന്‍ ടിക്കറ്റില്ലാക്കൂട്ടം ഒന്നടങ്കം
പോലീസിനാല്‍ ആനയിക്കപ്പെട്ടു.
പുതിയ ബോഗി ഞങ്ങള്‍ക്കായതാ ഒരുക്കിയിരിക്കുന്നു.
സന്തോഷം കൊണ്ട്‌ റെയില്‍വേയ്‌ക്ക്‌ സ്‌തുതിഗീതം പാടി ഞങ്ങള്‍.
പക്ഷെ!!!!

ബോഗിയില്‍ കയറാന്‍ നോക്കിയപ്പോഴാ മനസ്സിലായത്‌
അതു വാഗണ്‍ ആണെന്ന്‌.
നെല്ലോ ഗോതമ്പോ മറ്റോ കയറ്റുന്ന വാഗണ്‍..
നിറയെ വൈക്കോലിന്റെ അവശിഷ്ടങ്ങളുണ്ടായിരുന്നു.
എന്തുപറയാന്‍..രണ്ടും കല്‍പ്പിച്ച്‌ കയറി.
കൂടെ പത്തമ്പത്‌ പേരും.
പിന്നെയായിരുന്നു യാത്ര.
പാട്ടും കൂത്തും അല്‍പം ചൊറിച്ചിലുമായി നേരം വെളുപ്പിച്ചു.

അതിനിടെ ഒരുപാടു മുഖങ്ങള്‍..
കോഴിക്കോട്‌ വെസ്‌റ്റ്‌ഹില്‍ മൈതാനിയില്‍ നടക്കുന്ന
ആര്‍മി റിക്രൂട്ട്‌മെന്റില്‍ കൂട്ടുകാരനുവേണ്ടി
ഓടാനിറങ്ങുന്ന ബിജു (ബിജുവേ..ക്ഷമിക്കണേ!!! ...രഹസ്യം പരസ്യമായി), ഓപ്പറേഷന്‍ കഴിഞ്ഞ്‌ അമൃത ഹോസ്‌പിറ്റലില്‍നിന്നുവരുന്ന
റിനീഷും അച്ഛനും, ഒരു സിനിമയില്‍ തല കാണിച്ചതിന്റെ ചാരിതാര്‍ഥ്യവുമായി ഫസല്‍ (ആ സിനിമയില്‍
പിന്നീട്‌ എത്ര ശ്രമിച്ചിട്ടും പക്ഷെ അവനെ ഞാന്‍ കണ്ടില്ല!!!) അങ്ങനെയങ്ങനെ ഒരുപാട്‌ മുഖങ്ങള്‍.
കണ്ടിട്ടും കാണാതെ പോകുന്ന സാധാരണ മനുഷ്യര്‍.

അതിനുമുമ്പും ശേഷവും എത്രയോ യാത്രകള്‍ നടത്തിയിരിക്കുന്നു. ഇതുപോലൊരുയാത്ര പിന്നീടുണ്ടായിട്ടില്ല.
ഓര്‍ക്കുമ്പോള്‍ സ്വപ്‌നം പോലെ..

തിങ്ങിഞെരുങ്ങി ഒരു വിധത്തില്‍
കോഴിക്കോടെത്തി ചാടിയിറങ്ങിയപ്പോള്‍ അറിയാതെ വിളിച്ചുപോയി..എന്റമ്മേ!!!

Monday, November 9, 2009

കേരള കഫെയിലെ വിശേഷങ്ങള്‍






കുറെ നാളുകള്‍ക്കുശേഷം ഒരു സിനിമ കണ്ടു.
കേരള കഫെ...
മനസ്സുനിറയെ സന്തോഷം തോന്നി..അല്‌പം നൊമ്പരവും..
കോഴിക്കോട്ടെ രാധ തീയറ്ററില്‍നിന്ന്‌ ഇറങ്ങുമ്പോള്‍
മനസ്സിലൂടെ ഒരുപാട്‌ മുഖങ്ങള്‍ ഓടിയിറങ്ങി...
10 സംവിധായകരിലൂടെ 10 സിനിമ.
രഞ്‌ജിത്തും കൂട്ടുകാരും അഭിനന്ദനം അര്ഹിക്കുന്നു.
തികച്ചും വ്യത്യസ്‌തമായ ഉദ്യമം.

ലാല്‍ജോസും അന്‍വര്‍ റഷീദും ഷാജി കൈലാസും
രേവതിയും അഞ്‌ജലിമേനോനും ആദ്യംതന്നെ
അഭിനന്ദനം പറയട്ടെ...

എനിക്കിഷ്ടപ്പെട്ട സിനിമകളിലൂടെ...


സി.വി.ശ്രീരാമന്റെ പുറംകാഴ്‌ചകള്‍
ഒട്ടും ഭംഗിചോരാതെ കാത്തിരിക്കുന്നു ലാല്‍ജോസ്‌.
ഓരോ ഫ്രെയിമിലും അദ്ദേഹത്തിന്റെ തനതായ
പ്രകൃതിഭംഗി ആവാഹിച്ചെടുത്തിരിക്കുന്നു.
പ്രതീക്ഷിക്കാത്ത അവസാനം തന്നെയാണ്‌
ആ പടത്തിലെ ഹീറോ....

രാജമാണിക്യവും ചോട്ടാമുംബൈയും അണ്ണന്‍തമ്പിയും തന്ന
അന്‍വര്‍ റഷീദിനെ തീരെ പ്രതീക്ഷിച്ചിരുന്നില്ല,
ഇങ്ങനെയൊരു സൃഷ്ടിയുമായി....ബ്രിഡ്‌ജ്‌
ഒരു വശത്ത്‌ അച്ഛനും മകനും തമ്മിലുള്ള ബന്ധം
പേരിടാനാവാത്ത നൊമ്പരമായപ്പോള്‍
മറുപാതിയില്‍ സലിം കുമാര്‍ അവതരിപ്പിച്ച മണിയും
അമ്മയായ ശാന്താദേവിയും അഭിനയിച്ചു കരയിച്ചു.
ഒരുവേള എന്റെ മകനെയും അമ്മയെയും
ഒരുപോലെ ഞാന്‍ ഓര്‍ത്തുപോയി..
ഒപ്പം ഒരു കുഞ്ഞുപൂച്ചക്കുട്ടിയുടെ
നിര്‍ത്താതെയുള്ള കരച്ചിലും.
അന്‍വര്‍ റഷീദിനൊപ്പം ഉണ്ണിച്ചേട്ടനും
മനസ്സുനിറഞ്ഞ അഭിനന്ദനം.

മഞ്ചാടിക്കുരുവിന്റെ ഭംഗി
മനസ്സില്‍ സൂക്ഷിക്കുന്ന
അഞ്‌ജലി മേനോന്റെ ഹാപ്പി ജേര്‍ണി.
ജഗതിയും ആകാശഗോപുരത്തിലൂടെ
മലയാള സിനിമയിലെത്തിയ നിത്യയും നന്നായി തിളങ്ങി.
മനോഹരമായ യാത്രതന്നെയായിരുന്നു അത്‌.
പലതും ഓര്‍മ്മിപ്പിക്കുന്ന ഒരു ചെറിയ യാത്ര...
സന്തോഷ യാത്ര...

രേവതിയുടെ മകള്‍ മനസ്സില്‍ കരടയായി തങ്ങിയിരിക്കുന്നു.
തിരക്കഥയില്‍ ശക്തി കാത്തുസൂക്ഷിച്ച
ദീദി ദാമോദറില്‍നിന്നും
സംവിധാനത്തില്‍ സ്ഥാനം നിലനിര്‍ത്തിയ
രേവതിയില്‍നിന്നും ഒരു സമ്മാനം.
കണ്ടുകൊണ്ടിരുന്നപ്പോള്‍
മനസ്സിലൂടെ കടന്നുപോയ മുഖം..
വീട്ടില്‍ ജോലിക്കുനിന്നിരുന്ന മലര്‍ക്കൊടിയെന്ന
സേലംകാരി പെണ്‍കുട്ടി..
അവളുടെ തമിഴ്‌ കലര്‍ന്ന മലയാളം...
അവളുടെ ചുറ്റുപാടുകളും അവസ്ഥയും പീഢനങ്ങളും...
പിന്നെ ഒപ്പം എന്റെ പൊന്നുമോനും.....
അല്‍പം സെന്റിമെന്റ്‌സ്‌ കൂടിയെങ്കിലും നല്ല പടം.

ശങ്കര്‍ രാമകൃഷ്‌ണന്റെ ഐലന്റ്‌ എക്‌സ്‌പ്രസ്‌.
ഒരുവേള മനസ്സില്‍ നൊമ്പരമാവുന്ന
സുകുമാരിയുടെ അമ്മവേഷം.
പൃഥ്വിരാജിന്റെ കഥാപാത്രം.
നഷ്ടപ്പെടലുകളുടെ വേദന അറിയുന്നവര്‍ക്ക്‌
ഐലന്റ്‌ എക്‌സ്‌പ്ര സും അഷ്ടമുടിക്കായലും
മനസ്സില്‍തീര്‍ക്കുന്നത്‌ നിലയ്‌ക്കാത്ത കണ്ണീര്‍ചാലുകളാണ്‌......
മറക്കാത്ത, മരിക്കാത്ത കുറെ ഓര്‍മ്മകള്‍...

ഷാജി കൈലാസില്‍നിന്നും ലളിതം ഹിരണ്‍മയം..
തട്ടുപൊളിപ്പന്‍ പടങ്ങളില്‍നിന്നും
തീര്‍ത്തും വേറിട്ട സഞ്ചാരം..
വളരെ വ്യത്യസ്‌തമായ അനുഭവമല്ലെങ്കിലും
നന്നായിരിക്കുന്നു.

പത്മകുമാറിന്റെ നൊസ്റ്റാള്‍ജിയയാണ്‌
പത്തെണ്ണത്തില്‍ ആദ്യമായി കടന്നെത്തിയത്‌.
കുഴപ്പമില്ല എന്ന തനി മലയാളി ഉത്തരം തന്നെ അതിനുനല്‍കാം..
പത്മകുമാറില്‍നിന്നും കൂടുതല്‍ പ്രതീക്ഷിച്ചതുകൊണ്ടാവാം അത്‌.

ബി.ഉണ്ണികൃഷ്‌ണന്റെ അവിരാമം.
സിദ്ധിഖും ശ്വേതാമേനോനും അഭിനയിച്ച ചിത്രത്തില്‍
ഇന്നിന്റെ കഥ പറഞ്ഞിരിക്കുന്നു...
ഉത്തരം കുഴപ്പമില്ല എന്നുതന്നെ!!!

മറ്റുപടങ്ങളുമായി തട്ടിച്ചുനോക്കുമ്പോള്‍
ഏറ്റവും ഇഷ്ടപ്പെടാതെ പോയത്‌
ശ്യാമപ്രസാദിന്റെ ഓഫ്‌്‌ സീസണ്‍ ആണ്‌.
സാമ്പത്തിക മാന്ദ്യത്തിന്റെ ലോകത്ത്‌ സംഭവിക്കാവുന്ന ഒരു കഥ.
ഋതുവിലൂടെ പാതമാറി സഞ്ചരിക്കാന്‍ തുടങ്ങിയ
ശ്യാമപ്രസാദ്‌ ഒരു ഡോക്യുമെന്ററിയായിരുന്നു
ഉദ്ദേശിച്ചതെന്നു തോന്നുന്നു.

ഉദയ്‌ അനന്തന്റെ മൃത്യുഞ്‌ജയം.
മുഴുവന്‍ കണ്ടിട്ടും സത്യം പറഞ്ഞാല്‍
അദ്ദേഹം എന്താണ്‌ ഉദ്ദേശിച്ചതെന്ന്‌
എനിക്ക്‌ മനസ്സിലായില്ല.
(ബുദ്ധിജീവി അല്ലാത്തതുകൊണ്ടാവും....
ക്ഷമിക്കുക!!!) .
ആകെ എടുത്തുപറയാനുള്ളത്‌ തിലകനും ഷാനുവുമാണ്‌..
ഷാനുവിനെ ഓര്‍മ്മയില്ലേ...
കൈക്കുടന്ന നിലാവിലൂടെ
അഭിനയത്തില്‍ വന്നുപോയ
സംവിധായകന്‍ ഫാസിലിന്റെ മകനെ...
അന്നത്തെ കുട്ടിത്തത്തില്‍നിന്ന്‌
ഇന്നേറെ വളര്‍ന്നിരിക്കുന്നുവെന്ന്‌
നമ്മെ അറിയിക്കുന്നു ഈ കഥാപാത്രം..

റയില്‍വേ സ്‌റ്റേഷനിലെ
കേരളകഫേ ഹോട്ടലില്‍നിന്നു തുടങ്ങി
അവിടെത്തന്നെ അവസാനിക്കുന്ന
ഒരു തുടര്‍യാത്രയാണ്‌ ഈ സിനിമ.
യാത്രകളെല്ലാം ചരടില്‍ കോര്‍ത്തിണക്കി
അനുഭവയോഗ്യമായ വിരുന്നൊരുക്കിയിരിക്കുന്നു
സംവിധാനവും നിര്‍മ്മാണവും നിര്‍വ്വഹിച്ച രഞ്‌ജിത്ത്‌.
ഇത്തരം ഉദ്യമങ്ങള്‍ ഇനിയുമുണ്ടാവും
എന്ന്‌ നമുക്ക്‌ പ്രത്യാശിക്കാം...

Thursday, November 5, 2009

എന്റെ പുസ്‌തകം

എന്റെ ആദ്യ വിവര്‍ത്തനം. ഇറങ്ങിയിട്ട്‌ വര്‍ഷം ഒന്നായെങ്കിലും ഇതുവരെ ആരെയും പരിചയപ്പെടുത്താന്‍ തോന്നിയില്ല. ആദ്യ സംരംഭംതന്നെ ഒരു നുണയനില്‍നിന്നാകട്ടെ എന്നുകരുതി. (എനിക്കുചേരും!!!!)ഹിറ്റ്‌ലറിനെക്കുറിച്ച്‌ ജോസഫ്‌ ഗീബല്‍സ്‌ നടത്തിയ പ്രസംഗങ്ങളുടെയും ലേഖനങ്ങളുടെയും സമാഹാരം...ഒരു ചെറിയ ഉദ്യമം. ഒലീവ്‌ ബുക്‌സാണ്‌ പുസ്‌തകം പ്രസിദ്ധീകരിച്ചത്‌.




my book

Wednesday, August 5, 2009

എന്തിന്നധീരത!!!!!!!!!!

തയ്യാറാകണമിപ്പോള്‍ത്തന്നെ
ആജ്ഞാ ശക്തിയായ്‌ മാറീടാം...
അപ്പുറത്തെ ക്യാബിനില്‍ ഇരിക്കുന്ന സുഭാഷ്‌ ചന്ദ്രന്‍ മൂളുന്നു. പെട്ടന്ന മനസ്സില്‍ ആ പാട്ട്‌ കടന്നെത്തി.
എന്തിന്നധീരത
ഇപ്പോള്‍ തുടങ്ങുവിന്‍
എല്ലാം നമ്മള്‍ പഠിക്കേണം
തയ്യാറാകണമിപ്പോള്‍ത്തന്നെ
ആജ്ഞാശക്തിയായ്‌ മാറീടാം!!!
എവിടെനിന്നാ ഞാന്‍ ആ പാട്ട്‌ കേട്ടത്‌? ആലോചിച്ചപ്പോള്‍ ഫറൂഖ്‌ കോളേജില്‍ പണ്ടുണ്ടായിരുന്ന അന്ധവിദ്യാലയവും അതിനോടുചേര്‍ന്ന ഗ്രൗണ്ടുമാണ്‌ ഓര്‍മയില്‍വന്നത്‌. (ഇന്ന്‌ അവിടെ അല്‍ഫാറൂഖ്‌ റസിഡന്‍ഷ്യല്‍ സ്‌കൂളിന്റെ കെട്ടിടമാണ്‌). നാലോ അഞ്ചോ വയസ്സുകാണും അന്നെനിക്ക്‌. സന്ധ്യ കഴിഞ്ഞ്‌ അച്ഛനും അമ്മയും ഞാനും ചേട്ടനും ശാരിചേച്ചിയും കൂടി (അമ്മേടെ അനിയത്തിയെ ഞാന്‍ ചേച്ചീന്നാണ്‌ വിളിക്കുന്നത്‌) അവിടത്തെ ഗ്രൗണ്ടിലെത്തി. ആളുകള്‍ നിറയെ എത്തിത്തുടങ്ങിയിരുന്നു. സ്‌റ്റേജും ലൈറ്റുമെല്ലാം റെഡി. പിന്നെ എന്തൊക്കെയോ കലാപരിപാടികള്‍.
പരിപാടി കഴിഞ്ഞ്‌ ഞങ്ങള്‍ തിരിച്ചുപോന്നു. അപ്പോള്‍ ചേട്ടന്‍ പാടാന്‍ തുടങ്ങി..
എന്തിന്നധീരത
ഇപ്പോള്‍ തുടങ്ങുവിന്‍
എല്ലാം നമ്മള്‍ പഠിക്കേണം
തയ്യാറാകണമിപ്പോള്‍ത്തന്നെ
ആജ്ഞാശക്തിയായ്‌ മാറീടാം!!!
എന്തോ അപ്പോള്‍ ഞാനും കൂടെപ്പാടി..
പിന്നീട്‌ ഞാന്‍ ഈ പാട്ട്‌ കേട്ടിട്ടേയില്ല. അതെക്കുറിച്ച്‌ ചിന്തിച്ചിട്ടേയില്ല. ഇപ്പോള്‍ വര്‍ഷമെത്ര കഴിഞ്ഞു. 25 വര്‍ഷത്തിനുശേഷം സുഭാഷേട്ടന്റെ നാവില്‍നിന്നും വന്ന ആ വരികള്‍ ഞാന്‍ പൂരിപ്പിച്ചപ്പോള്‍ എനിക്കുതന്നെ അത്ഭുതമാവുന്നു. ഞാനിതെങ്ങനെ ഓര്‍ത്തുവെച്ചു?
ശാസ്‌ത്ര സാഹിത്യ പരിഷത്തിന്റെ കലാജാഥയില്‍ മുഴങ്ങിയ ഗാനമായിരുന്നു അതെന്ന്‌ അന്ന്‌ സ്‌കൂള്‍ വിദ്യാര്‍ഥിയായിരുന്ന സുഭാഷേട്ടന്‍ പറഞ്ഞു. എന്നേക്കാള്‍ നന്നായി അദ്ദേഹമത്‌ ഓര്‍മിക്കുന്നു. എന്താണെന്നറിയില്ല, പെട്ടന്ന്‌ നാക്കില്‍ വന്നതാണെന്നും കൂടി സുഭാഷേട്ടന്‍ പറഞ്ഞപ്പോ ഞാനും ഇതൊക്കെ ഓര്‍ത്തുപോയി.
എന്ത്‌ അര്‍ഥമുള്ള വരികള്‍..അന്ന്‌ ഇതിനെല്ലാം മുന്‍കൈയെടുത്ത തലമുറ ഇന്നത്തെ അവസ്ഥകാണുമ്പോള്‍ എന്താണ്‌ ചിന്തിക്കുന്നതെന്നറിയില്ല. ആ സംഘടനയ്‌ക്കു തന്നെ രൂപമാറ്റം സംഭവിച്ചുകഴിഞ്ഞു. ഇറക്കങ്ങളും കയറ്റങ്ങളും സ്ഥാനചലനങ്ങളും അധികാരവും പിരിഞ്ഞുപോവലും കണ്ടു. പിന്നീടുള്ള കലാജാഥകളില്‍ പലതും ഓര്‍മ്മ നന്നായി ഉറച്ചശേഷം കണ്ടിട്ടുണ്ടെങ്കിലും അവയിലെ വരികളൊന്നും ഇത്ര നന്നായി തലയില്‍ തറച്ചുകയറിയിട്ടില്ല..
സുഭാഷേട്ടന്‌ നന്ദി..ഓര്‍മകള്‍ ഉണര്‍ത്തിയതിന്‌...പഴയ കാലത്തേക്ക്‌ കൂട്ടിക്കൊണ്ടുപോയതിന്‌..കല്യാണം കഴിഞ്ഞ്‌ അമ്മയായി മാറിയ എന്റെയും ഫോണിലൂടെയും ഇന്റര്‍നെറ്റിലൂടെയും അടുത്തുകാണുന്ന എന്റെ ചേട്ടന്റെയും കുട്ടിക്കാലത്തെ ഈ സംഭവം ഓര്‍മിപ്പിച്ചതിന്‌.. ഇനി ഇന്നോ നാളെയോ ചേട്ടന്‍ വിളിക്കുമ്പോള്‍ പാടിക്കൊടുക്കണം..ചോദിക്കണം ഓര്‍മയുണ്ടോ ഈ പാട്ടെന്ന്‌....
എന്തിന്നധീരത
ഇപ്പോള്‍ തുടങ്ങുവിന്‍
എല്ലാം നമ്മള്‍ പഠിക്കേണം
തയ്യാറാകണമിപ്പോള്‍ത്തന്നെ
ആജ്ഞാശക്തിയായ്‌ മാറീടാം!!!

Thursday, July 16, 2009

ഈ പാപം എവിടെയൊഴുക്കും കര്‍ത്താവേ.........!!!!

ഹോസ്‌റ്റലിനുള്ളിലെ ചാപ്പലില്‍ (അള്‍ത്താരയടങ്ങുന്ന ചെറിയ പള്ളിമുറി) ഇരുന്ന്‌ അന്ന്‌ കുറെ കരഞ്ഞു. ക്രൂശിത രൂപത്തിനുമുന്നില്‍ മുട്ടുകുത്തി ഏങ്ങിയേങ്ങിയായിരുന്നു കരച്ചില്‍. പിന്നെ എഴുന്നേറ്റ്‌ ബൈബിളിനരികിലേയ്‌ക്ക്‌..കണ്ണടച്ച്‌ ഒരു പേജ്‌ തുറന്നെടുത്ത്‌ വായിച്ചു. വീണ്ടും തിരിച്ചെത്തി മുട്ടുകുത്തി.

അപ്പോഴാണ്‌ പിറകില്‍നിന്ന്‌ ഒരു കൈ തോളില്‍ പതിഞ്ഞത്‌. സാന്ത്വനത്തിന്റെ സ്‌പര്‍ശം. വാര്‍ഡന്‍ സിസ്റ്ററാണ്‌. 'കരയണ്ട മോളേ..പശ്ചാത്താപമാണ്‌ എല്ലാത്തിനും പരിഹാരം..നിന്നെ ദൈവത്തിന്‌ തീര്‍ച്ചയായും തന്റെ പ്രിയപ്പെട്ടവളായി തിരഞ്ഞെടുക്കും...ഇന്നിനി പഠിക്കേണ്ട..പോയി ദൈവത്തെ പ്രാര്‍ഥിച്ച്‌ കിടന്നോളു..''

വിതുമ്പിക്കൊണ്ട്‌ സിസ്റ്ററിനെ നോക്കി ഞാന്‍ റൂമിലേക്ക്‌ നടന്നു. ഇപ്പോ ഓര്‍ക്കുമ്പോള്‍ മറ്റൊരു രംഗം ഓര്‍മവരുന്നു. പഞ്ചാബി ഹൗസ്‌ എന്ന സിനിമയില്‍ ദിലീപിനെയും ഹരിശ്രീ അശോകനേയും പഞ്ചാബുകാര്‍ക്കിടയില്‍ ചെന്നാക്കി കരഞ്ഞുകൊണ്ട്‌ തിരിച്ചുവരുന്ന കൊച്ചിന്‍ ഹനീഫയുടെ മുഖം. ക്യാമറ മുമ്പോട്ടു തിരിക്കുമ്പോള്‍ ചിരിച്ചുമറിയുന്ന ഹനീഫയുടെ അതേ മുഖം...അതെ, അതുതന്നെയായിരുന്നു എന്റെ മുഖം..സിനിമാക്കാര്‍ കണ്ടിരുന്നെങ്കില്‍ അഭിനയത്തിനുള്ള ഓസ്‌കാര്‍ നോമിനേഷന്‍ ഉറപ്പായേനെ!!!!!!!!!!

റൂമിലെത്തി കിടക്കയിലേക്ക്‌ ചാഞ്ഞപ്പോള്‍ ശ്രീജയുടെ കമന്റ്‌..'' വെട്ടുകിളീ..വേണ്ട...അടുത്ത ഫൈന്‍ ഇപ്പോ വരും. ലൈറ്റ്‌ ഓഫിന്‌ സമയമായില്ല.''
'' വെട്ടുകിളി നിന്റെ അമ്മായിഅമ്മ...ഞാന്‍ മുന്‍കൂര്‍ ജാമ്യം വാങ്ങി..''- കഥ കേട്ട്‌ ശ്രീജയും ബബിനും സിബിയും ജീനയുമെല്ലാം അന്തംവിട്ടിരുന്നു..ഈ ചെറിയ ശരീരത്തിലുള്ള അഭിനയപ്രതിഭയെ എന്നെപ്പോലെ അവരും തിരിച്ചറിഞ്ഞിരിക്കുന്നു..ആത്മാഭിമാനത്തിന്റെ നിമിഷങ്ങള്‍..!!!!!!!!@@@@

സ്‌റ്റഡി ടൈമില്‍ ഇന്റര്‍ റൂം വിസിറ്റ്‌ പാടില്ലെന്ന ലിഖിത നിയമത്തെ കാറ്റില്‍ പറത്തിയതിനുള്ള ശിക്ഷയായിരുന്നു അത്‌. കത്തിയടിയുടെ കാര്യത്തില്‍ ഞാന്‍ അന്നും ഇന്നും മുമ്പിലായിരുന്നു. അത്‌ കത്തി, വടിവാള്‍, അരം പല ടൈപ്പിലുണ്ട്‌. പഠിക്കാന്‍ പറഞ്ഞാല്‍ പഠിക്കാന്‍ ഇഷ്ടമല്ല. അങ്ങനെയൊരു നല്ല ശീലം കൂടെയുണ്ടായിരുന്നു. പത്താംക്ലാസിലൊക്കെ നല്ല മാര്‍ക്ക്‌ വാങ്ങി പാസായി. പ്രീഡിഗ്രിക്കെത്തിയപ്പോ ഹോസ്‌റ്റലില്‍ സ്‌റ്റഡീ ടൈം. പിന്നെങ്ങെനെ പഠിക്കാനാ? ചേരുന്ന കുറെ കൂട്ടുകാരും.

ഞാന്‍ ആ സമയം സിസ്റ്റര്‍ കാണാതെ അപ്പുറത്തെ മുറിയില്‍ പോയി റോഷ്‌നിയുമായി കത്തിയടിച്ചു. ശബ്ദം കേട്ട്‌ സിസ്‌റ്റര്‍ വന്നുനോക്കി. ആരെയും കാണാനില്ല. (ഞാന്‍ വാതിലിന്റെ പിറകില്‍ നില്‍ക്കുകയായിരുന്നല്ലോ!) സിസ്‌റ്റര്‍ തിരിച്ചുപോയപ്പോള്‍ ഞാന്‍ മെല്ലെ പുറത്തിറങ്ങി. അപ്പോ പുറകില്‍നിന്നൊരു വിളി.
അയ്യോ..പിടിച്ചു..മനസ്സില്‍ പറഞ്ഞു ചമ്മിയ ചിരിയോടെ തിരിഞ്ഞുനോക്കി..പിന്നെ ഉപദേശത്തിന്റെ പൊടിപൂരം. മറ്റേ റൂമില്‍ പോയതിനല്ല. ഒളിച്ചുനിന്ന്‌ കള്ളം ചെയ്‌തതിന്‌.. എന്തായാലും എല്ലാവരും കേട്ടു..ചളിപ്പായി എന്നുപറഞ്ഞാല്‍ മതിയല്ലോ..അതിനുപുറമെ 5 രൂപ ഫൈനും കിട്ടി. സന്തോഷമായി..

തിരിച്ച്‌ റൂമിലെത്തി. ഇനി അടുത്ത സ്റ്റെപ്പ്‌ എന്താവണമെന്ന്‌ ആലോചിച്ചപ്പോഴാണ്‌ ചാപ്പല്‍ മനസ്സില്‍ തെളിഞ്ഞത്‌. (ഈ കര്‍ത്താവിന്റെ ഒരു കാര്യമേ...തോന്നേണ്ടത്‌ തോന്നേണ്ട സമയത്തുതന്നെ തോന്നിക്കും..കര്‍ത്താവിന്‌ സ്‌തുതി!). പിന്നെ നാടകത്തിന്റെ അരങ്ങേറ്റമായിരുന്നു. ആഹാ..അഭിനയം തിമര്‍ത്തു. സിസ്റ്ററിന്റെ വീക്ക്‌ പോയിന്റ്‌ പ്രാര്‍ഥനയാണെന്ന്‌ എനിക്കറിയാമായിരുന്നു. എന്നാല്‍ ഞാന്‍ പോലും ഇത്രേം പ്രതീക്ഷിച്ചില്ല!!!!!!

കക്കാന്‍ പഠിച്ചാല്‍ നിക്കാന്‍ പഠിക്കണമെന്ന പാഠം ഞാനന്ന്‌ പഠിച്ചു. പിന്നെ കക്കലും നിക്കലും ശീലമാക്കി. ഇതൊന്നുമറിയാതെ, കര്‍ത്താവിന്റെ മണവാട്ടിയാകാന്‍ നീ യോഗ്യയാണെന്നുവരെ ഒരിക്കല്‍ ആ പാവം സിസ്റ്റര്‍ എന്നോടുപറഞ്ഞു. (അതറിഞ്ഞ്‌ സിബി ഉവാച: .''എന്റെ കര്‍ത്താവേ..അപ്പോ ആ മഠത്തിന്റെ മതില്‍ കിലോമീറ്ററോളം ഉയര്‍ത്തിക്കെട്ടേണ്ടി വരും..ഇവള്‍ പോള്‍വാള്‍ട്ട്‌ ചെയ്‌തെങ്കിലും ചാടും..അതുറപ്പാ...പാവം കര്‍ത്താവ്‌..ഇതുവല്ലോം അറിയുന്നുണ്ടോ ആവോ..??'')

വര്‍ഷങ്ങള്‍ക്കുശേഷം ഇന്നലെ കോളേജിന്റെ വെബ്‌സൈറ്റിലൂടെ കടന്നുപോയപ്പോള്‍ പ്രായം ചെന്ന ഞങ്ങളുടെ അന്നത്തെ വാര്‍ഡന്‍ ഒരു പരിപാടി ഉദ്‌ഘാടനം ചെയ്യുന്ന പടം കണ്ടു. ചിന്തകള്‍ ഫ്‌ളാഷ്‌ ബാക്കടിച്ചത്‌ പെട്ടന്നായിരുന്നു. ഓര്‍ത്തോര്‍ത്ത്‌ ചിരിക്കാന്‍ ഇങ്ങനെയെത്രയെത്ര സംഭവങ്ങള്‍ ?????!!!!!

Sunday, June 21, 2009

എന്നാലും എന്റെ നാവേ...............

കുറെ വര്‍ഷങ്ങള്‍ക്ക്‌ ശേഷം
യു.കെ.കുമാരന്‍ സാറിനെ കണ്ടത്‌
കഴിഞ്ഞ ദിവസമാണ്‌.
ഓഫീസില്‍ വന്നപ്പോള്‍...
സാറ്‌ മറക്കാനിടയില്ല...
എങ്കിലും ഞാന്‍ പോയി ചോദിച്ചുമില്ല....
ഇനി ഓഫീസില്‍ കൂടി അറിയിക്കണ്ടല്ലോന്നുതോന്നി!!!

1998 ലെ ഒരു ദിനം.
വെറും ദിനമല്ല, കോളേജ്‌ മാഗസിന്റെ
പ്രവര്‍ത്തനോദ്‌ഘാടന ദിനം എന്നുതന്നെ പറയണം.
ഇതള്‍ എന്ന മനോഹരമായ പേര്‌
മാഗസിന്‌ നല്‍കാന്‍ അതിനകം തീരുമാനമായി.
എഡിറ്ററായ മിലന്‍ പൂഞ്ചോലയുടെ പ്രവര്‍ത്തനങ്ങള്‍ക്ക്‌
ശക്തമായ പിന്തുണയുമായി
ഞങ്ങള്‍ കുറച്ച്‌ എഡിറ്റോറിയല്‍ അംഗങ്ങളും
മറ്റ്‌ സുഹൃത്തുക്കളും.
ഉദ്‌ഘാടനം ചെയ്യുന്നത്‌ സാഹിത്യകാരനായ
യു.കെ.കുമാരന്‍.
അദ്ദേഹം അന്ന്‌ കേരള കൗമുദിയില്‍ ആയിരുന്നു.
വായിച്ചിട്ടുണ്ടെങ്കിലും ആദ്യമായാണ്‌
നേരില്‍ കാണാന്‍ പോകുന്നത്‌.
അങ്ങനെ പരിപാടി തുടങ്ങാറായി.

പെട്ടന്നാണ്‌ യാസിര്‍ പറഞ്ഞത്‌.
നന്ദി പ്രസംഗം നീ ചെയ്യണം.
ഓ കെ, കിട്ടിയ അവസരം പാഴേക്കണ്ട
എന്നുതന്നെ കരുതി. കേറി സമ്മതിച്ചു.

അങ്ങനെ പ്രസംഗങ്ങളും ആശംസയും
ഒന്നാന്നായി കഴിഞ്ഞു.
ചടങ്ങുകളെല്ലാം ഭംഗിയായി.
ഇനി എന്റെ ഊഴം...

പേടി എന്ന വികാരം എന്റെയുള്ളില്‍
പണ്ടേ ഇല്ലാത്തതുകൊണ്ടാവാം
കൂളായി എഴുന്നേറ്റ്‌ സ്റ്റേജില്‍ കയറി.
അധ്യാപകരും വിദ്യാര്‍ഥികളുമെല്ലാം നോക്കുന്നുണ്ട്‌.
ജാഡ തീരെ കുറച്ചില്ല. നന്ദി പ്രസംഗം തുടങ്ങി.

ബഹുമാനപ്പെട്ട മുഖ്യാതിഥി
ശ്രീ യു.കെ. കുരാമ.....
മുഴുമിപ്പിച്ചില്ല..
നാക്കിലെ സരസ്വതീ വിളയാട്ടം പെട്ടന്ന്‌ തിരിച്ചറിഞ്ഞു.
സദസ്സിലാകെ ചിരി പടര്‍ന്നത്‌ കേട്ടില്ലെന്ന്‌ നടിച്ചെങ്കിലും
പിന്നീട്‌ വന്ന വാചകങ്ങളില്‍
ചളിപ്പിന്റെ സ്വരം കലര്‍ന്നിരുന്നു.

അതുവരെ ചളിപ്പ്‌ എന്ന വികാരം എന്താണെന്ന്‌
അറിയാതിരുന്ന ഞാന്‍ ശരിക്കും ചമ്മി...
നാണം കെട്ടു എന്നു പറയുന്നതാണ്‌ ശരി...
ഇതിനൊക്കെ കാരണക്കാരി അവള്‍ ഒരുത്തിയാ..
പ്രിയ സുഹൃത്ത്‌ രാജി എന്ന രാജലക്ഷ്‌മി..
കൊല്ലും നിന്നെ ഞാന്‍!!!!!!!!

അത്യാവശ്യം വലുപ്പമുള്ള എന്റെ കണ്ണുകള്‍
അവള്‍ക്കുനേരെ പറഞ്ഞത്‌ അവള്‍ കൃത്യമായി
മനസ്സിലാക്കി. മുമ്പിലിരിക്കുന്ന കുട്ടിയുടെ മറവിലേയ്‌ക്ക്‌ അവള്‍ ഊളിയിടുന്നത്‌ ഞാന്‍ സ്റ്റേജില്‍ നിന്ന്‌
കൃത്യമായി കണ്ടു.
'ദുഷ്ടേ...' ഞാന്‍ മനസ്സില്‍ വിളിച്ചു.

കാര്യമെന്തന്നല്ലേ?
സ്റ്റേജില്‍ കയറാനായി ഞാന്‍ എണീറ്റപ്പോള്‍
അവളുടെ വക ഒരു ഉപദേശമുണ്ടായിരുന്നു.
' വലിയ സ്റ്റൈലാക്കി അവിടെ പോയിട്ട്‌
ഇനി കുമാരന്‍ എന്നത്‌ കുരാമന്‍ എന്നൊന്നും
പറയണ്ടാട്ടോ..' എന്ന്‌..
അവളെ അപ്പോള്‍ ദുഷ്ടേന്ന്‌ വിളിക്കുന്നതില്‍ തെറ്റുണ്ടോ?
നിങ്ങള്‍ തന്നെ പറ..

പിറ്റേന്ന്‌ കോളേജില്‍ പോവാന്‍ ഒരു മടി..
പിന്നെ പോയില്ലെങ്കില്‍ അതിലും വലിയ നാണക്കേട്‌ ഉറപ്പായതുകൊണ്ട്‌ രണ്ടും കല്‍പിച്ച്‌ പോയി...
വഴിയില്‍ സച്ചുവേട്ടന്റെ മെഡിക്കല്‍ ഷാപ്പിനു
മുന്നില്‍ എത്തിയതേയുള്ളു
രാജാ ഗേയ്‌റ്റിന്റെ മുന്നില്‍നിന്നുള്ള വിളി
ചിലങ്ക ഫാന്‍സിയും ഹോസ്‌റ്റലിന്റെ ഗേറ്റും കടന്ന്‌
എന്റെ ചെവിയില്‍ പതിഞ്ഞു..
മോളേ....കുരാമാ.....നീ വന്നോ......................

ആദ്യം മൈന്‍ഡ്‌ ചെയ്‌തില്ല...
അപ്പോള്‍ വിളിയുടെ ശക്തി കൂടി..

അഞ്‌ജനാ കുരാമാ.......................

അയ്യോ...അറിയാതെ വിളിച്ചുപോയി..
ജനിച്ചുവളര്‍ന്ന നാടാണ്‌...
നാട്ടുകാര്‍ പോരാഞ്ഞ്‌ ഓരോ പുല്ലിനും കല്ലിനും വരെ എന്നെ അറിയാം...
അതിനിടയിലാ..ഈ വിളി..

എങ്ങനെയോ ഗൈറ്റ്‌ വരെ എത്തിയതോര്‍മ്മയുണ്ട്‌..
ഭീഷണയുടെ നോട്ടമെറിഞ്ഞ്‌ ഞാന്‍ അവന്‍മാരെ നോക്കി..
എല്ലാം എന്റെ നല്ല സുഹൃത്തുക്കള്‍ തന്നെ..
എന്തു ചെയ്യാന്‍ യോഗം....

ഇപ്പോഴും എന്നെ ചമ്മിക്കാന്‍ അവരെല്ലാം
ഇടയ്‌ക്ക്‌ വിളിക്കും..
'കുരാമാ'ന്ന്‌....

ഓര്‍ത്തോര്‍ത്ത്‌ ചിരിക്കാന്‍ അങ്ങനെ എന്തെല്ലാം????

Saturday, May 23, 2009

നിനക്കായ്‌

തര്‍ജ്ജമകളുടെ ലോകത്തുനിന്നും

അല്‍പം ആശ്വാസം കിട്ടിയപ്പോള്‍

പത്രങ്ങള്‍ക്കിടയിലൂടെ വെറുതെ ഊളിയിടുകയായിരുന്നു ഞാന്‍.

പെട്ടന്നാണത്‌ കണ്ടത്‌..

മനസ്സ്‌ ഒരുനിമിഷം നിന്നുപോയി..


ഓര്‍മകളുടെ താളുകള്‍ പുറകോട്ടുമറിഞ്ഞത്‌ പൊടുന്നനെയായിരുന്നു....

14 വര്‍ഷങ്ങള്‍ക്കുമുമ്പാണത്‌..

കൃത്യമായി പറഞ്ഞാല്‍ 1995-ലെ സപ്‌തംബര്‍ മാസം.

പ്രീ-ഡിഗ്രി പഠനത്തിനായി ഞാന്‍

ചങ്ങനാശ്ശേരി അസംപ്‌ഷന്‍ കോളേജിലെത്തുന്നു.

താമസിക്കുന്നത്‌ പയസ്‌ ടെന്‍ത്‌ ഹോസ്‌റ്റലിലും.

ആദ്യമായി ഹോസ്‌റ്റലില്‍ ചേരുന്നതിന്റെ ജാള്യതയില്‍,

ഹോസ്‌റ്റലിലെ കടുത്ത റാഗിങ്ങിനെക്കുറിച്ചുള്ള

നിറം പിടിപ്പിച്ച കഥകളുടെ നടുവിലൂടെ

ഞാന്‍ അച്ഛനൊപ്പം പടികയറി..

നിറ ചിരിയോടെ സീനിയേഴ്‌സ്‌ കാത്തുനിന്നിരുന്നു.

എന്റെ കൈയിലെ ബാഗ്‌ വാങ്ങി അവര്‍ അച്ഛനോട്‌ പറഞ്ഞു,

'' അങ്കിള്‍ ഒന്നും പേടിക്കണ്ടന്നേ...ഇവിടെ ഞങ്ങളൊക്കെയുണ്ട്‌''..

ഇരുത്തിയ വാക്കുകളില്‍ വലിയ റാഗിങ്‌ ഞാന്‍ മണക്കുന്നുണ്ടായിരുന്നു.

ആ ശബ്ദത്തിനുടമയെ ഞാന്‍ ഒന്ന്‌ നോക്കി..

തോള്‍ വരെ മാത്രം മുടിയുള്ള വെളുത്തു മെലിഞ്ഞ ഒരു സുന്ദരിചേച്ചി..കൂടെ വേറെ കുറച്ചുപേരും.

അവരെന്നെ മുറിയിലേയ്‌ക്ക്‌ കൊണ്ടുപോയി.


മുറിയില്‍ ഞങ്ങള്‍ ആറുപേര്‍.

ബബിന്‍, നിഷ, റോഷ്‌നി, ജൂണി, രേഖ, പ്രിയ പിന്നെ ഞാനും.

എല്ലാവരും പരിചയപ്പെട്ടു.

കാര്യങ്ങള്‍ വിചാരിച്ചത്ര പ്രശ്‌നമില്ല.

ആരും റാഗ്‌ ചെയ്‌തില്ല.

പിന്നെ ആരോ പറഞ്ഞുകേട്ടു

സിസ്റ്റര്‍ റാഗിങ്ങിനെതിരെ തക്കതായ വാണിങ്‌ നല്‍കിയിരുന്നു എന്ന്‌.

സിസ്റ്റര്‍ ജെയിനിന്‌ സ്‌തുതി പറഞ്ഞ്‌ ആ രാത്രി അവസാനിച്ചു.


പിറ്റെന്ന്‌ കോളേജില്‍ ആദ്യ ദിനം.

ഓഡിറ്റോറിയത്തില്‍ മീറ്റിങ്ങിനുശേഷം ഒരു മണിക്കൂര്‍ ക്ലാസില്‍.

പിന്നെ തിരിച്ച്‌ ഹോസ്‌റ്റലിലേയ്‌ക്ക്‌.

അന്ന്‌ രാത്രി ഡിഗ്രി മൂന്നാംവര്‍ഷത്തിലെ

ചേച്ചിമാര്‍ പരിചയപ്പെടാന്‍ വന്നു.

ജൂലിചേച്ചിയും ബെറ്റിചേച്ചിയും ബിന്ദുചേച്ചിയും

താജുന്നിസ ചേച്ചിയുമെല്ലാം..

മുറിയടച്ചിട്ട ആ പരിചയപ്പെടല്‍ ജൂണിയെയും പ്രിയയെയും പോലുള്ളവര്‍ക്ക്‌ സഹിക്കാനാവുന്നതിലേറെയായിരുന്നു.

(ഭാഗ്യത്തിന്‌ ദൈവം അന്നേ എനിക്ക്‌

തൊലിക്കട്ടി നന്നായി നല്‍കിയിരുന്നു!!!).


അടുത്ത ദിവസം രണ്ടാം വര്‍ഷ പ്രീഡിഗ്രിക്കാരുടെ ഊഴമായിരുന്നു. പ്രതീക്ഷിച്ചപോലെയായിരുന്നില്ല കാര്യങ്ങള്‍.

റാഗിങ്ങല്ല, ആശ്വസിപ്പിക്കലായിരുന്നു ഞങ്ങള്‍ അവിടെ കണ്ടത്‌. ജയന്തിചേച്ചിയെപ്പോലുള്ളവര്‍

ചിലരെ വിരട്ടിയെങ്കിലും മറ്റ്‌ പ്രശ്‌നങ്ങള്‍ ഉണ്ടായില്ല.


ഒരേ ഫ്‌ളോറിലായിരുന്നു പ്രീ ഡിഗ്രിക്കാര്‍ താമസിച്ചിരുന്നത്‌. പെണ്‍ഹോസ്‌റ്റലിലെ ചേച്ചിമാരുടെ

അമിത സ്‌നേഹത്തെക്കുറിച്ച്‌ എന്റെ സുഹൃത്തുക്കള്‍

നേരത്തെ പറഞ്ഞിട്ടുള്ളതിനാല്‍ ആരുമായും

അധികം അടുക്കാന്‍ നോക്കിയില്ല.

സത്യം പറഞ്ഞാല്‍ പേടിയായിരുന്നു.

പിന്നെ പതുക്കെപ്പതുക്കെ എല്ലാവരുമായും കൂട്ടായി..

ഇവിടെ അത്തരം അപകടങ്ങളില്ല എന്നുഞാന്‍ തിരിച്ചറിഞ്ഞു.

എന്റെ നാക്ക്‌ ഇപ്പോഴത്തെപ്പോലെ അപ്പോഴും ഉഷാറായിരുന്നു

എന്നതും സത്യം!!


അങ്ങനെയാണ്‌ ആദ്യ ദിവസം എന്നെ എതിരേറ്റ

സുന്ദരിചേച്ചിയുമായി ഞാന്‍ കൂട്ടുകൂടുന്നത്‌.

പേര്‌ ടിജി.

പ്രീഡിഗ്രി ഫസ്റ്റ്‌ ഗ്രൂപ്പാണ്‌ വിഷയം.

എപ്പോ നോക്കിയാലും വാര്‍ഡനുമായി തല്ലാണ്‌.

ആള്‌ ഇത്തിരി ഓവര്‍ സ്‌മാര്‍ട്ടാണെന്നാണ്‌ പൊതുവെ സംസാരം.

എങ്കിലും കുറച്ചുദിവസത്തിനകം ഞാനറിഞ്ഞു,

ചാടിക്കളിക്കുന്ന മനസ്സിനുള്ളില്‍ ഒരു പാവം കുട്ടിയുണ്ടെന്ന്‌...


പാറോപ്പള്ളിയിലെ പെരുന്നാളിന്‌

വലിയ ബലൂണുകള്‍ വാങ്ങിത്തന്നും

ക്രിസ്‌തുമസിനും പുതുവത്സരത്തിനും

വലിയ വലിയ കാര്‍ഡുകള്‍ പരസ്‌പരം സമ്മാനിച്ചും

ആ സൗഹൃദം വളര്‍ന്നു.


ഒരു വര്‍ഷം എങ്ങനെയോ കടന്നുപോയി.

പ്രീഡിഗ്രി കഴിഞ്ഞു പിരിയാന്‍ എല്ലാര്‍ക്കും മടിയായിരുന്നു.

എന്‍ട്രന്‍സ്‌ പരീക്ഷ എഴുതില്ലെന്നും

ഹോം സയന്‍സ്‌ ഡിഗ്രിയെടുക്കാന്‍ മടങ്ങിവരുമെന്നും

ടിജി ചേച്ചി എന്നോട്‌ പറഞ്ഞിരുന്നു.

അതിനാല്‍ ചേച്ചി പോയപ്പോള്‍ അത്ര വിഷമം തോന്നിയില്ല.


ഞാന്‍ രണ്ടാം വര്‍ഷത്തിലെത്തി.

ചേച്ചി ഇടയ്‌ക്കിടെ കോളേജില്‍ വരും,

പിന്നെ ഹോസ്‌റ്റലിലേയ്‌ക്ക്‌ ഫോണ്‍ ചെയ്യും.

അങ്ങനെ കുറെക്കാലം ഞങ്ങള്‍ ആ ചരട്‌ പൊട്ടാതെ സൂക്ഷിച്ചു.

ഇടയ്‌ക്ക്‌ രണ്ടുമാസം ഞങ്ങള്‍ തമ്മില്‍ കണ്ടില്ല, വിളിച്ചില്ല.


പെട്ടന്നൊരുദിവസം ചേച്ചിയുടെ

വിവാഹവാര്‍ത്തയാണ്‌ ഞാന്‍ അറിഞ്ഞത്‌.

എല്ലാം രണ്ടാഴ്‌ചയ്‌ക്കുള്ളിലായിരുന്നു.

ആര്‍ക്കും ആദ്യം വിശ്വസിക്കാനായില്ല.

ഇത്രയും സ്‌മാര്‍ട്ടായി നടന്ന കുട്ടി..

18 വയസ്സ്‌ ആയതേയുള്ളു..പെട്ടന്നെങ്ങനെ???

ഞാന്‍ ചോദിച്ചില്ല!


ദിവസങ്ങള്‍ക്കുശേഷം ഡിഗ്രിയ്‌ക്ക്‌്‌ ക്ലാസ്‌ തുടങ്ങിയപ്പോള്‍

എന്നോട്‌ പറഞ്ഞ വാക്കുപോലെത്തന്നെ ടിജി ചേച്ചി വന്നു.

ഹോം സയന്‍സില്‍ വിദ്യാര്‍ഥിനിയായി. ആള്‍ നന്നായി മാറിയിരുന്നു.

പഴയ പ്രസരിപ്പും ചുറുചുറുക്കും പോയപോലെ..

പ്രിന്‍സിപ്പല്‍ സിസ്റ്ററിനെ ചൂടുപിടിപ്പിക്കുന്ന

മുട്ടിനൊപ്പം നില്‍ക്കുന്ന മിഡിയോ ഫ്രോക്കോ ചേച്ചി പിന്നെ ഇട്ടുകണ്ടില്ല.


അന്ന്‌ എന്നോട്‌ കുറെ സംസാരിച്ചു..

കുറെ കാര്യങ്ങള്‍ പറഞ്ഞു..

വീണ്ടും സൗഹൃദം പച്ച പിടിപ്പിച്ചു.

പ്രീ ഡിഗ്രി കഴിഞ്ഞ്‌ ഞാന്‍ തിരിച്ച്‌ കോഴിക്കോടെത്തി.

ഡിഗ്രിയും പി.ജി.യും കഴിഞ്ഞു.

അതിനിടയിലെവിടെയോ ആ സൗഹൃദച്ചരടിന്റെ കണ്ണി ദ്രവിച്ചുപോയി. പലരും പറഞ്ഞ അറിവിലൂടെ പിന്നീട്‌ ചേച്ചിയെ ഞാന്‍ അറിഞ്ഞു.

14 വര്‍ഷങ്ങള്‍ക്കുശേഷം ആറുമാസം മുമ്പ്‌

അവിചാരിതമായി മറ്റൊരു ഹോസ്‌റ്റല്‍ മേറ്റിനെ ഞാന്‍ കണ്ടു.

അവര്‍ എനിക്ക്‌ ചേച്ചിയുടെ പുതിയ നമ്പര്‍ തന്നു.

ആവേശമായിരുന്നു അന്ന്‌.

ഫോണ്‍ വിളിച്ച്‌ ചേച്ചി സംസാരിക്കാന്‍ തുടങ്ങിയപ്പോള്‍ മനസ്സിലായി സൗഹൃദം എന്നത്‌ ഒരിക്കലും വറ്റാത്ത ഒന്നാണെന്ന്‌.

ഇക്കാലത്തിനിടയില്‍ എന്തേ വിളിയക്കാഞ്ഞതെന്ന്‌ പരസ്‌പരം ചോദിച്ചില്ല..


കാലം രണ്ടുപേരിലും ഏറെ മാറ്റങ്ങള്‍ വരുത്തിയിരുന്നു.

എനിയ്‌ക്ക്‌ ഒരുമോനും ചേച്ചിയ്‌ക്ക്‌ രണ്ട്‌ കുട്ടികളും കൂട്ടിനെത്തിയിരുന്നു. എങ്കിലും ആ സൗഹൃദം അതുമാത്രം വറ്റാതെ നിന്നു.


ഇന്നലെ പത്രത്താളില്‍

ചിരിച്ചുകൊണ്ടിരിക്കുന്ന

എന്റെ ടിജി ചേച്ചിയുടെ ഫോട്ടോയ്‌ക്കുമുകളില്‍

കൊടുത്ത വാചകം. അതാണ്‌ എന്നെ തരിപ്പിച്ചു കളഞ്ഞത്‌. 'ലോറിയ്‌ക്കുപിന്നില്‍ കാറിടിച്ച്‌ യുവതി മരിച്ചു' .


ഞെട്ടിത്തെറിച്ചുപോയീ ഞാന്‍..

ഒരുവേള അതെന്റെ ടിജി ചേചച്ചിയാവില്ല എന്നു വ്യാമോഹിച്ചു..

ഇല്ല..ഒരു വിശ്വാസവും എന്റെ കൂട്ടിനുവന്നില്ല...


അപ്പോള്‍ത്തന്നെ ഫോണെടുത്ത്‌ ഞാന്‍ സിബിയെ വിളിച്ചു...

''എടീ..ഞാനാ...ഒരുകാര്യം ചോദിക്കാനുണ്ട്‌??''

''ടാ...ടിജീടെ കാര്യാണോടാ...

എനിക്കിപ്പോള്‍ സ്‌മിതയുടെ മെസേജ്‌ വന്നു

Tigi is no more എന്ന്‌...''.

അവള്‍ വാക്കുകള്‍ക്കായി പരതുന്നു.


അവള്‍ക്ക്‌ എന്നെ അറിയാം..ടിജിചേച്ചിയെയും...


എന്റെ ടിജി ചേച്ചി ഇന്ന്‌ ഇവിടെ, ഈ ലോകത്തില്ല..

എന്തൊക്കെയോ സ്വപ്‌നങ്ങള്‍ ബാക്കിയാക്കി അവള്‍ പോയി..

എന്റെ മനസ്സില്‍ നോവിന്റെ ഏടുകള്‍ ബാക്കിവെച്ച്‌...അകലേയ്‌ക്ക്‌.....


നിറയുന്ന കണ്ണുനീരില്‍...

ചേച്ചി ഏറ്റവും ഇഷ്ടപ്പെടുന്ന

ചുവന്ന ഈറന്‍ റോസാപുഷ്‌പം ഞാന്‍ സമര്‍പ്പിക്കുന്നു...

ആ നല്ല ഓര്‍മകള്‍ക്കുമുമ്പില്‍ കുമ്പിടുന്നു...

Wednesday, April 15, 2009

കുടജാദ്രിയില്‍

ഇന്നലെ എന്റെ കുഞ്ഞുമോന്‍ ഹരിശ്രീ കുറിച്ചു..
എന്റെ ബ്ലോഗിന്‌ പുതുജീവന്‍ നല്‍കാന്‍ ഇതിലും നല്ലൊരു ദിനമില്ലെന്നുതോന്നുന്നു.
മൂകാംബികയിലെ സരസ്വതീ മണ്ഡപത്തില്‍ മുത്തച്ഛന്‍ അവന്റെ കുഞ്ഞുവിരല്‍ പിടിച്ച്‌ എഴുത്തിനിരുത്തി. ഭാഗ്യം...പ്രശ്‌നമൊന്നുമുണ്ടാക്കാതെ അവന്‍ ഇരുന്നുകൊടുത്തു.
അതുവരെ അവിടെ അവനുണ്ടാക്കിയ വിപ്ലവം ഓര്‍ക്കാന്‍തന്നെ വയ്യ. പാതിയുറക്കത്തില്‍ എണീപ്പിച്ച്‌ കുളിപ്പിച്ചപ്പോള്‍ തുടങ്ങിയ പ്രതിഷേധമാണ്‌ ശ്രീകോവിലിനകത്ത്‌ അവന്‍ കരഞ്ഞുതീര്‍ത്തത്‌. സരസ്വതീ മണ്ഡപത്തിലെത്തി എന്റെ മടിയില്‍ ഇരുന്നപ്പോഴേ അവന്‍ ഉറങ്ങിപ്പോയി. പിന്നെ ചാടിയെണീറ്റത്‌ മണിമുഴക്കം കേട്ടാണ്‌. അതോടെ മോന്‍ ഉഷാറായി. പിന്നെ അച്ഛന്റെ മടിയിലിരുന്നു. മുത്തച്ഛന്‍ ആദ്യാക്ഷരി കുറിച്ചു. തന്ത്രികള്‍ നാക്കില്‍ എഴുതിക്കൊടുത്തു.

കുടജാദ്രിയില്‍ .....
ഇതിനുമുമ്പും ഞാന്‍ മൂകാംബിക സന്നിധിയില്‍ പോയിട്ടുണ്ട്‌. ഏത്‌ അമ്പലത്തില്‍ പോയാലും ശ്രീകോവിലിനു പുറത്ത്‌ ചുറ്റിപ്പറ്റി നില്‍ക്കുന്ന സ്വഭാവമാണ്‌ എന്റേത് . അച്ഛന്റെ സ്വഭാവം പകര്‍ന്നുകിട്ടിയതാവാം..
പക്ഷെ മൂകാംബികയില്‍ എന്തോ...വീണ്ടും വീണ്ടും ശ്രീകോവിലിനുള്ളില്‍ കയറാന്‍ തോന്നുന്ന പ്രതീതിയാണ്‌. കലയ്‌ക്കും എഴുത്തിനുമായി പ്രത്യേകം ദേവി.. ഈ സുഖം മറ്റെവിടെയും കിട്ടില്ല.
അമ്പലത്തില്‍പോയിട്ടുണ്ടെങ്കിലും കുടജാദ്രി മനസ്സില്‍ സങ്കല്‍പ്പമായിത്തന്നെ നിലനിന്നിരുന്നു. മോനെ എഴുത്തിനിരുത്തിയ ശേഷം സര്‍വജ്ഞപീഠം കയറാന്‍ തന്നെ ഞങ്ങള്‍ തീരുമാനിച്ചു. കുടജാദ്രി വരെ ജീപ്പില്‍..യാത്ര കഠിനം തന്നെ..എങ്കിലും തീര്‍ത്തും ആസ്വദിച്ചു.
വളഞ്ഞുപുളഞ്ഞ റോഡുകളും കുഴികളും കല്ലുകളുമുള്ള മനോഹരമായ കാനന വഴികളും..ഒടുവില്‍ കുടജാദ്രിയിലെത്തി. മല കയറ്റം തുടങ്ങി കുറച്ചുദൂരം കഴിഞ്ഞപ്പോള്‍ എത്താറായോ എന്ന്‌ മനസ്സില്‍ ചോദിക്കാതിരുന്നില്ല. എങ്കിലും കോടമഞ്ഞ്‌ അതിരുകെട്ടിയ വഴിയിലൂടെ മുകളിലേക്കുള്ള നടത്തം ശരിക്കും ഇഷ്ടപ്പെട്ടു. ഇടയ്‌ക്ക്‌ ക്ഷീണം തീര്‍ക്കാന്‍ നാരങ്ങാവെള്ളവും കക്കരിക്കയും.
ചെങ്കുത്തായ വഴിയിലൂടെ മുകളിലേക്ക്‌ കയറി. ശരിക്കും സമയമെടുത്ത്‌ നടന്നാല്‍ കുറെക്കൂടി ആസ്വദിക്കാനാവും. ജീപ്പിന്റെ ഡ്രൈവര്‍ തന്ന ഒരു മണിക്കൂര്‍ സമയം മനസ്സിലുണ്ടായിരുന്നു. അത്‌ ആസ്വാദനത്തിന്റെ താളത്തിന്‌ ചെറിയ ഭംഗം വരുത്തിയിരുന്നു എന്നത്‌ തീര്‍ച്ച. മുകളിലെത്തിയപ്പോഴേക്കും നന്നായി ക്ഷീണിച്ചു.
അഞ്ചേ അഞ്ചു മിനിട്ട്‌...അവിടെ പാറമേല്‍ ഇരുന്നപ്പോള്‍ എങ്ങനെയെന്നറിയില്ല..ക്ഷീണം പമ്പകടന്നു. എന്തൊരു സുഖം. പ്രതിഷ്‌ഠ തൊഴുത്‌ കല്‍ക്കണ്ട പ്രസാദവും വാങ്ങി. ഒരു ഗ്ലാസ്‌ മോരുവെള്ളവും കുടിച്ചു. ഉന്മേഷം ഇരട്ടിയായെന്ന്‌ പറയാതിരിക്കാന്‍ വയ്യ. പ്രകൃതി കനിഞ്ഞനുഗ്രഹിച്ച ഇടം. അതിമനോഹരം ആ കാഴ്‌ച.
കുറച്ചുനേരം അവിടെനിന്നശേഷം വീണ്ടും താഴേക്കിറങ്ങി. കുടജാദ്രിയിലെ ക്ഷേത്രക്കുളത്തിലേക്ക്‌ ഒലിച്ചിറങ്ങുന്ന വെള്ളത്തില്‍ മുഖവും കാലും കഴുകി. ക്ഷേത്രത്തില്‍ തൊഴുതു.
വീണ്ടും തിരിച്ച്‌ മൂകാംബികയുടെ സന്നിധിയിലേക്ക്‌..,ഇനിയും പോവണമെന്ന്‌ മനസ്സുകൊതിക്കുന്ന യാത്ര..
ഒരുപാട്‌, ഒരുപാടിഷ്ടമായി ഈ യാത്ര...